കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെ നീക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിനാണ് പകരം ചുമതല. എറണാകുളത്തേക്കാണ് മുഹമ്മദ് റഫീഖിനെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതാണ് നടപടിക്ക് കാരണമെന്നും ആരോപണമുണ്ട്. കേസിൽ മുഖ്യ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കി. ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്‍റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. കൃത്യത്തില്‍ പങ്കെടുത്തെന്ന് കരുതുന്ന രണ്ട് പേര്‍ രാജ്യം വിട്ടു. കൊലപാതകത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനും സിപിഎം നേതാക്കളും ചേര്‍ന്ന് പ്രതികളുടെ വീട്ടില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് സിപിഎമ്മിനെതിരെ പ്രചാരണം നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിമര്‍ശിച്ചു. ഒന്ന് രണ്ട് പേര്‍ക്കുണ്ടായ വീഴ്ചയെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)