കാസര്‍കോട്: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ നിരീക്ഷകന്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡി, ജില്ലാ കലക്‌ടര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രിട്ടിക്കല്‍, വള്‍നറബിള്‍ വിഭാഗങ്ങളിലുള്ള ബൂത്തുകളിലെ സംയുക്ത പരിശോധന.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മംഗല്‍പ്പാടി മുട്ടം കുന്നില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് വോട്ടില്‍ താഴെ മാത്രം ഭൂരിപക്ഷമുള്ളതിനാല്‍ ക്രിട്ടിക്കല്‍ വിഭാഗത്തിലാണ് ഈ സ്‌കൂളിലെ ബൂത്തുകള്‍. തുടര്‍ന്ന് മംഗല്‍പ്പാടി ജിഎച്ച്‌ഡബ്ല്യുഎല്‍പി സ്‌കൂള്‍, ജിഎല്‍പിഎസ് മുളിഞ്ച, ഗവ ഹിന്ദുസ്ഥാനി യുപി സ്‌കൂള്‍ കുറിച്ചിപ്പള്ള തുടങ്ങിയ സ്‌കൂളുകളിലെ ബൂത്തുകളും സന്ദര്‍ശിച്ചു.
ചില ബൂത്തുകളിലെ ഭിന്നശേഷിക്കാര്‍ക്കുള്ള റാമ്പ് ഉള്‍പ്പെടെയുളള അപര്യാപ്‌തതകള്‍ പരിഹരിക്കാന്‍ സംഘം നിര്‍ദേശം നല്‍കി. കൊവിഡ് സുരക്ഷയുടെ ഭാഗമായി മുന്നൊരുക്കങ്ങള്‍ നടത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും വേണ്ട നിര്‍ദേശവും നല്‍കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും ചെയ്‌ത ബൂത്തുകള്‍, പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബൂത്തുകള്‍ എന്നിവയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍. മുന്‍വര്‍ഷങ്ങളില്‍ അക്രമം റിപ്പോര്‍ട്ട് ചെയ്‌ത ബൂത്തുകളാണ് വള്‍നറബിള്‍ ബൂത്തുകള്‍. ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളാണുള്ളത്. ഇതില്‍ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വള്‍നറബിള്‍ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് പൊലീസ് സുരക്ഷ കര്‍ശനമാക്കുന്നതും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും കമ്മീഷന്‍ തീരുമാനമെടുക്കുക.