കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന. ഹോട്ടലുകളിലും കൂൾബാറിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. പരിശോധനക്കിടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ചെറുവത്തൂരിലെ മജെസ്റ്റിക്ക് ഐസ് ക്രീം വിതരണകേന്ദ്രം ഉദ്യോഗസ്ഥർ അടപ്പിച്ചു. കൂടാതെ രണ്ട് വർഷമായി ലൈസൻസ് പുതുക്കാത്ത ബേക്കറിക്കെതിരെയും നടപടി എടുത്തു.
അതിനിടെ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഐഡിയൽ കൂൾബാറിൽ നിന്നും ശേഖരിച്ച സാമ്പിളിന്‍റെ പരിശോധന ഫലമാണ് പുറത്ത് വരുക. അന്തിമ റിപ്പോർട്ടും ഇന്ന് സമർപ്പിച്ചേക്കും.
ALSO READ: മരണ കാരണം ഭക്ഷ്യവിഷബാധ തന്നെ: കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാൻ ശ്രമം
ഇതിനിടെ ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളിൽ ഷിഗല്ല വൈറസ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. നാലുപേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള മറ്റു കുട്ടികളുടെ സാമ്പിൾ പരിശോധനനക്കായി അയച്ചിട്ടുണ്ട്. ഷിഗല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും പരിശോധന നടത്തുന്നുണ്ട്.