കാസര്‍കോട്: തൃക്കരിപ്പൂരിൽ പൊതുയിടങ്ങൾ അണുവിമുക്തമാക്കി അഗ്നിശമനസേന. ഉടുമ്പുന്തല പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ സഹകരണത്തോടെയാണ് പൊതുസ്ഥലങ്ങളിലൂടെയുള്ള രോഗവ്യാപനം തടയാൻ ക്ലോറിൻ ലായനി സ്പ്രേ ചെയ്‌തത്. ബസ് സ്റ്റാന്‍റ്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, മാർക്കറ്റ്, എടിഎം കൗണ്ടറുകൾ, പൊതുഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് അണുവിമുക്തമാക്കിയത്. തൃക്കരിപ്പൂരിന് ശേഷം കാലിക്കടവ്, ചെറുവത്തൂർ മേഖലകളിലും ശുചീകരണം നടത്തുമെന്ന് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസ് പറഞ്ഞു. വൈറസിന്‍റെ സമൂഹ വ്യാപനം തടയാൻ ഇത് വളരെയേറെ ഉപകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആറ് ലിറ്റർ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് 400 ലിറ്റർ വെള്ളത്തിൽ കലർത്തിയുണ്ടാക്കിയ ലായനിയാണ് അണുനശീകരണത്തിനായി ഉപയോഗിക്കുന്നത്. ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളാണ് ശുചീകരണത്തിന് ഉപയോഗിക്കുന്നത്. ജില്ലയിലെ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ ജനസമ്പർക്കം കൂടുതൽ ഉണ്ടാകാനിടയുള്ള പരമാവധി സ്ഥലങ്ങൾ അണുവിമുക്തമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.