കാസര്‍കോട് : ചോർന്നൊലിച്ച് കാസര്‍കോട് മുളിയാറിലെ സര്‍ക്കാര്‍ ആതുരാലയം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ദിവസേന ആയിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആതുരാലയമാണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരയായിട്ടും ചോര്‍ന്നൊലിക്കുന്നത്. ഓഫീസ് മുറിയിലും ഗര്‍ഭിണികളെ പരിശോധിക്കുന്ന മുറിയിലുമാണ് ചോര്‍ച്ചകള്‍. മേല്‍ക്കൂര ദ്രവിച്ചുകൂടി തുടങ്ങിയതോടെ രോഗികളും ജീവനക്കാരുമെല്ലാം ആശങ്കയിലാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള പ്രദേശമാണ് മുളിയാര്‍. സമീപ പഞ്ചായത്തുകളായ കാറഡുക്ക, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട് . നേരത്തെ കിടത്തിച്ചികിത്സ ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ പുതിയ ബഹുനിലക്കെട്ടിടം പണിതീര്‍ത്തിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. വയറിങ് ഉള്‍പ്പെടെയുള്ള അുബന്ധ പ്രവര്‍ത്തികള്‍ ബാക്കിയുണ്ടെന്നാണ് അധികൃതര്‍ ഇതിന് നല്‍കുന്ന വിശദീകരണം.