കാസർകോട്: ലൈഫ് മിഷനിലൂടെ വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷനില്‍ വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ കീഴില്‍ നടന്നിരുന്ന ഭവന നിര്‍മാണങ്ങളെല്ലാം മുഖ്യമന്ത്രിയുടെ കീഴിലാക്കി ചുമതലയെല്ലാം മുഖ്യമന്ത്രി കൈവശപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലും മികച്ച പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. അനീതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിന് എതിരായ ജനവികാരം ശക്തമാണ്. ജനങ്ങളെ മുഖ്യമന്ത്രി ഭയക്കുകയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സി.എം രവീന്ദ്രനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചത്. സി.എം രവീന്ദ്രനോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ മുഖ്യമന്ത്രി നിർദേശിക്കണം. അന്വേഷണം തന്നിലേക്ക് എന്ന സൂചനയുള്ളതിനാലാണോ മുഖ്യമന്ത്രി ഇതിനു തയാറാകാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഊരാളുങ്കലിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധന നടത്തി പുതിയ വര്‍ക്ക് ഏല്‍പ്പിക്കുന്ന കാര്യം തീരുമാനിക്കും. രേഖാമൂലം ഉന്നയിക്കുന്ന ഒരു അഴിമതി ആരോപണങ്ങളിലും സര്‍ക്കാരിന് മറുപടിയില്ല. സംസ്ഥാന ഭരണത്തിന്‍റെ മാത്രമല്ല കേന്ദ്ര ഭരണത്തിന്‍റെ കൂടി വിലയിരുത്തലാക്കും തെരഞ്ഞെടുപ്പെന്നും രണ്ട് ഏകാധിപത്യ ഭരണത്തിനെതിരായ ജനരോഷം രൂപപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ. ഫോണ്‍ പദ്ധതി എന്ന ആശയം നല്ലതാണ്. എന്നാൽ അതിന്‍റെ നടത്തിപ്പ് സംബന്ധിച്ച് അവ്യക്തത ഉണ്ട്. എലിവേറ്റഡ് റെയില്‍ ആണ് അഭികാമ്യമെന്നും അതിന് കേന്ദ്രം അനുമതി നല്‍കിയിട്ടും സര്‍വകക്ഷി യോഗം വിളിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.