കാസർകോട്: ഉപയോഗശൂന്യമായ വസ്‌തുക്കൾ കൊണ്ട് കരകൗശല വസ്‌തുക്കൾ ഉണ്ടാക്കി ഒരു വീട്ടമ്മ. പാണത്തൂരിലെ ലതാ രവിയാണ് പാഴ്വസ്‌തുക്കളും കടലാസ് കഷ്‌ണങ്ങളും കൊണ്ട് കരവിരുത് തീർക്കുന്നത്. തുണി സഞ്ചി, പേപ്പര്‍, നൂല്‍, കമ്പി ,ഈര്‍ക്കില്‍ ,ഐസ്‌ക്രീം ബോള്‍ മുതല്‍ കീറത്തുണി വരെ ഉപയോഗശേഷം വലിച്ചെറിയരുതെന്നാണ് ലതാ രവി പറയുന്നത്. ഇവയെല്ലാം കണ്ണിന് കുളിർമയുള്ള അലങ്കാര വസ്തുക്കളാക്കാം എന്ന് സ്വപ്രയത്നം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ വീട്ടമ്മ. വീട്ടകങ്ങളെ വർണാഭമാക്കുന്ന കരകൗശല വസ്തുക്കളാണ് ലത നിർമ്മിക്കുന്നത്. പാഴ്വസ്‌തുക്കളെന്തും ലതയുടെ കൈയിലെത്തിയാല്‍ മിനിറ്റുകള്‍ക്കകം മനോഹരങ്ങളായ കരകൗശല വസ്തുക്കളായി മാറും.
പഴയ തുണികള്‍ കൊണ്ടുണ്ടാക്കിയ മുയലുകള്‍, ഗ്ലാസുകളില്‍ തീര്‍ത്ത അലങ്കാര വസ്തുക്കള്‍ തുടങ്ങി പാഴ് വസ്തുക്കളില്‍ തീര്‍ത്ത കരകൗശല വസ്തുക്കളുടെ വന്‍ ശേഖരം തന്നെ ലതാ രവിയുടെ വീട്ടില്‍ കാണാം. 60 ശതമാനം കേൾവിശക്തി നഷ്ടപ്പെട്ട ലത ഒരു ശ്രവണ സഹായി വാങ്ങാനുള്ള പരിശ്രമത്തിലാണിപ്പോൾ. അതിനുള്ള തുകയിൽ കുറച്ചെങ്കിലും കണ്ടെത്താൻ തന്‍റെ കരകൗശല വസ്തുക്കളുടെ ഒരു പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ലത. കരകൗശല വസ്തു നിര്‍മ്മാണത്തില്‍ ഭാര്യയ്ക്ക് എല്ലാവിധ സഹായങ്ങളുമായി ഭര്‍ത്താവ് രവിയും ഒപ്പമുണ്ട്.