കാസർകോട്: നഗരസഭയുടെയും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും ലൈസൻസ് ഇല്ലാതെ കാസര്‍കോട് ജനറല്‍ ആശുപത്രി കാന്‍റീന്‍ പ്രവർത്തിച്ചത് പതിനൊന്നു വർഷം. കറന്തക്കാട് സ്വദേശി മാസം 1.30 ലക്ഷം രൂപയ്‌ക്കാണ് കാന്‍റീൻ കരാറെടുത്തത്. കാന്‍റീന്‍ ഉള്ളത് മുമ്പ് പ്രസവ വാർഡ് ആരുന്ന കെട്ടിടത്തിലായതിനാൽ ലൈസൻസ് നൽകാന്‍ ആകില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്.
എന്നാൽ വർഷങ്ങളായി ഈ കെട്ടിടത്തിലാണ് കാന്‍റീൻ പ്രവർത്തിച്ചിരുന്നത്. ഇത്രയും വർഷം ലൈസൻസ് ഇല്ലാതെ എങ്ങനെ ഈ കാന്‍റീൻ പ്രവർത്തിച്ചു എന്നതിന് ഉത്തരമില്ല. ഒരു തരത്തിലുള്ള പരിശോധനയും ഇവിടെ നടന്നിരുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
സംസ്ഥാനത്ത് ഭക്ഷണശാലകളുടെ പ്രവർത്തനം കർശന പരിശോധനക്ക് വിധേയമാക്കിയതോടെ ജനറൽ ആശുപത്രി കാന്‍റീൻ അടച്ചിടണമെന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. നഗരസഭയുടെയും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെയും ലൈസൻസ് ലഭിക്കുന്നതുവരെ അടച്ചിടാനാണ് നഗരസഭ ആരോഗ്യവിഭാഗം കാന്‍റീന്‍ നടത്തിപ്പുകാരോട് നിർദേശിച്ചത്. ശുചിത്വത്തിനുള്ള സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു ആശുപത്രി കാന്‍റീനിന്‍റെ പ്രവർത്തനം. ലൈസൻസ് ഇല്ലാതെ വർഷങ്ങളോളം പ്രവർത്തിച്ച കാന്‍റീന് എതിരെ നടപടി എടുക്കാത്തത് നഗരസഭയും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപണം ഉയരുന്നുണ്ട്.