കാസർകോട്: ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർ ദീർഘകാല അവധി എടുക്കരുതെന്ന് ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. ഒഴിവാക്കാൻ പറ്റാത്ത ദീർഘകാല അവധി എടുക്കുന്നുണ്ടെങ്കിൽ കലക്‌ടറുടെ അനുവാദം തേടണമെന്നും ഉത്തരവിൽ ഉണ്ട്. ജില്ലയിലേക്ക് സ്ഥലം മാറി വരുന്നവരും പുതുതായി വരുന്നവരും അച്ചടക്ക നടപടിയുടെ ഭാഗമായി വരുന്നവരും ചുമതലയേറ്റ അന്നുതന്നെ തിരിച്ചു പോകുന്നതായി പരാതി ഉയർന്നതോടെയാണ് കലക്‌ടറുടെ നടപടി.
ജില്ലയിൽ നിയമനം ലഭിക്കുന്നവർ പോലും പ്രത്യേക ഉത്തരവ് സമ്പാദിച്ച് മറ്റു ജില്ലകളിലേക്ക് പോകുന്ന അവസ്ഥയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെ ജില്ലയിലെ വിവിധ പദ്ധതി നിർവഹണത്തിൽ കാലതാമസം ഉണ്ടാകുകയും മുടങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായിരുന്നു.
ഇതോടെയാണ് കലക്‌ടർ ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും മറ്റു ജില്ലക്കാരാണ്. ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ നിയമനം കിട്ടുന്നവരും സ്ഥലം മാറി എത്തുന്നവരും നിശ്ചിത കാലയളവിൽ അതാതിടത്ത് തന്നെ ജോലി ചെയ്‌തിരിക്കണമെന്ന ഉദ്യോഗസ്ഥ പരിഷ്‌കാര വകുപ്പിന്‍റെ സർക്കുലർ ചുവടുപിടിച്ചാണ് കലക്‌ടർ ഉത്തരവിട്ടത്.