കാസർകോട്: വിനായക ചതുർഥി അടുത്താൽ കാസര്‍കോട് മധൂരിലെ കേശവ ഭട്ടിന്‍റെ വീട്ടുമുറ്റം ഗണപതിയുടെ വ്യത്യസ്‌തങ്ങളായ വിഗ്രഹങ്ങള്‍ കൊണ്ട് നിറയും. ഗജമുഖനായ ഗണപതിയുടെ വ്യത്യസ്‌ത നിറങ്ങളിലും വലുപ്പത്തിലുമുള്ള ശിൽപങ്ങൾ ഇവിടെ തയ്യാറാണ്. 30 വർഷത്തിലേറെയായി കേശവ ഭട്ട് ഗണേശോത്സവത്തിനായുള്ള വിഗ്രഹങ്ങൾ ഒരുക്കാൻ തുടങ്ങിയിട്ട്.
ഉത്തര മലബാറിന് പുറമെ ബെംഗളൂരുവിലേക്കും മംഗളൂരുവിലേക്കും കടൽ കടന്ന് മസ്‌ക്കറ്റിലേക്കും ഇവിടെ നിർമിക്കുന്ന ഗണേശ വിഗ്രഹങ്ങൾ എത്തുന്നുണ്ട്. അഞ്ചടിയുള്ള ഗണപതിയുടെ വിഗ്രഹങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. കേശവ ഭട്ടും മകൻ ഹരിപ്രസാദുമാണ് വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്, ഒപ്പം നാല് ജോലിക്കാരുമുണ്ട്.
ഓരോ വർഷവും ഗണപതിയുടെ മുപ്പത്തിലധികം വിഗ്രഹങ്ങൾ ഒരുക്കും. ഗണേശോത്സവത്തിനായി വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതിനായുള്ള ഒരുക്കം ഒരു മാസം മുമ്പേ ആരംഭിക്കും. വിഗ്രഹം പൂർത്തിയായാൽ പൂജയ്‌ക്ക് ശേഷം കൈമാറും.
കളിമണ്ണിന്‍റെ ലഭ്യതക്കുറവാണ് പ്രധാന വെല്ലുവിളിയെന്ന് കേശവ ഭട്ട് പറയുന്നു. കർണാടകയിൽ നിന്ന് കൂടുതൽ വില കൊടുത്താണ് കളിമണ്ണ് എത്തിക്കുന്നത്. എന്നാല്‍ ചെലവിനോളം വരുമാനമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും കേശവ ഭട്ട് വ്യക്തമാക്കി.
Also read: വിനായക ചതുർഥി; 26 വർഷമായി മംഗളുരുവിൽ നിന്ന് ഗണേശ വിഗ്രഹം അമേരിക്കയിലെത്തിച്ച് വിശ്വാസി