കാസർകോട്: അലാമിക്കളി, യക്ഷഗാനം തുടങ്ങിയ കലാരൂപങ്ങൾ കാസർകോടിന്‍റെ മാത്രം പ്രത്യേകതയാണ്. ഒപ്പം കേരളത്തിന്‍റെ കലാരൂപങ്ങളായ കഥകളിയും, പുലിക്കളിയും, ഒപ്പനയും, മോഹിനിയാട്ടവും ചേർന്നപ്പോൾ അത് ദൃശ്യ വിരുന്നായി മാറി. ബേക്കൽ കോട്ടയിലാണ് കാസർകോടിന്‍റെ തനത് കലാരൂപങ്ങൾ അരങ്ങേറിയത്.
കോട്ട സന്ദർശിക്കാനെത്തിയവരുടെ മനം കുളിർപ്പിക്കുന്നതായിരുന്നു കലാരൂപങ്ങൾ. മതപരവും സാംസ്‌കാരികവുമായ സമന്വയത്തിന്‍റെ കെടാവിളക്കായി ചരിത്രത്താളുകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ഒന്നാണ് അലാമിക്കളി. കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്‌ഠാന കലാരൂപമായിരുന്നു അലാമിക്കളി.
അലാമിക്കളി: കരി തേച്ച് ശരീരം കറുപ്പിക്കും. അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ടുള്ളതാണ് കഴുത്തില്‍ ധരിക്കുന്ന മാലകള്‍.
നീളമുള്ള പാളത്തൊപ്പി തലയില്‍ അണിയും. തൊപ്പിയില്‍ ചുവന്ന ചെക്കി (തെച്ചി)പ്പൂവും വെക്കും. മുട്ടുമറയാത്ത മുണ്ടാണ് ഉടുക്കുന്നത്. മണികള്‍ കെട്ടിയിട്ട ചെറിയവടി കയ്യില്‍ കരുതും.
കറുത്ത തുണികൊണ്ടുള്ള സഞ്ചി തോളില്‍ തൂക്കും. അലാമി സംഘങ്ങള്‍ നാടുചുറ്റുന്ന പതിവുണ്ട്. താളത്തിലുള്ള പാട്ടുകള്‍ അലാമിക്കളിയുടെ പ്രത്യേകതയാണ്.
യക്ഷഗാനം: കേരളത്തില്‍ കാസർകോടും കര്‍ണാടകത്തിലെ അതിർത്തി ഗ്രാമങ്ങളിലും നിലവിലുളള കലാരൂപമാണ് യക്ഷഗാനം. സംസ്‌കൃത നാടകത്തിന്‍റെയും നാടോടിനൃത്തത്തിന്‍റെയും സ്വാധീനം യക്ഷഗാനത്തില്‍ കാണാം. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുളള കഥകളാണ് യക്ഷഗാനത്തിന് ഉപയോഗിക്കുന്നത്.
ബേക്കൽ റിസോർട്ട്‌സ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ കേരള കൾച്ചറൽ ഫെസ്റ്റിന്‍റെ ഭാഗമായാണ് കാസർകോടിന്‍റെ കലാരൂപങ്ങൾ അരങ്ങിൽ എത്തിയത്. സി.എച്ച് കുഞ്ഞമ്പു എംഎൽഎ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നാടിന്‍റെ സംസ്‌കാരവും ചരിത്രവും വിളിച്ചോതുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്‌തൃതമായ കോട്ടയുടെ സംരക്ഷണം, അതിന്‍റെ വിനോദസഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരള കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.