കാസർകോട് : ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെ വീട്ടിലെ മിണ്ടാപ്രാണികള്‍ക്ക് തുണയായി മുന്‍ നഗരസഭ ചെയര്‍മാനും സന്നദ്ധ പ്രവര്‍ത്തകരും. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ഒരു വീട്ടിലെ ആടുകള്‍ക്കും കോഴികള്‍ക്കും തീറ്റയുള്‍പ്പെടെ നല്‍കുന്നത് ഇവരാണ്.
25 ആടുകളും അമ്പതോളം കോഴികളുമാണ് ഇവിടെയുള്ളത്. മനുഷ്യരെപ്പോലെ തന്നെ വിശപ്പും ദാഹവുമെല്ലാം ഉള്ള മിണ്ടാപ്രാണികളെ പൊന്നു പോലെ നോക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി. രമേശനും കൊവ്വല്‍പള്ളിയിലെ സന്നദ്ധ പ്രവര്‍ത്തകരും.
കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെയാണ് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ തയ്യാറായി വാര്‍ഡ് കൗണ്‍സിലറായ രമേശന്‍റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിയത്. കൊവിഡ് ബാധിതരെ അകറ്റി നിര്‍ത്തരുതെന്നും കൂടെയുണ്ടാകുമെന്നതും പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് ഇവര്‍.
Also Read: അജേഷിനെ കാത്ത് നാട് , സ്നേഹം കിനിയുന്ന കവിതയുമായി സീത
എല്ലാവരും കൊവിഡ് ബാധിച്ച് വീടിനുള്ളില്‍ തളച്ചിടപ്പെട്ട വിവരമറിഞ്ഞാണ് കൗണ്‍സിലര്‍ കൂടിയായ വി.വി. രമേശന്‍ സ്ഥലത്തെത്തുന്നത്. വീട്ടിലെ സാഹചര്യം മനസിലാക്കി വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഭക്ഷണമുള്‍പ്പെടെ എത്തിക്കാന്‍ തയ്യാറാവുകയായിരുന്നു.
പ്രദേശത്തെ പൊതുപ്രവര്‍ത്തകരായ കെ.ജയപാലന്‍, ജ്യോതിഷ് കണ്ടത്തില്‍, എം.ഹരിദാസ്, നിഷാന്ത് കൊവ്വല്‍പള്ളി, കെ.പവിത്രന്‍, കെ.രാജന്‍ എന്നിവരാണ് മാതൃകാനടപടി സ്വീകരിച്ചത്.