കാസർകോട് : കാസർകോട് ജില്ലയിൽ വീണ്ടും ഭക്ഷ്യവിഷബാധ. നീലേശ്വരത്ത് ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത പന്ത്രണ്ട് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും തലചുറ്റലും വയറിളക്കവും അനുഭവപ്പെട്ടതോടെ ആളുകള്‍ ചികിത്സ തേടുകയായിരുന്നു.
കുടിവെള്ളവും ബിരിയാണിയും കഴിച്ചവർക്കാണ് കൂടുതലും ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അവശതകൾ ബാധിച്ചവരെല്ലാം ചോയ്യങ്കോട്ടും പരിസരത്തും താമസിക്കുന്നവരാണ്. കെ ലക്ഷ്‌മി (60), പി കാർത്യായനി (57), മിനി (50), വിനായകൻ (5), ശൈലജ, നിർമല, സുജിത, വിജയൻ, ശോഭന എന്നിവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ബിരിയാണി, ചിക്കൻ, കുടിവെള്ളം എന്നിവയിലേതിലെങ്കിലും നിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതുന്നത്. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.