കാസര്‍കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുപാടത്ത് വിത്തെറിഞ്ഞ് നൂറുമേനി കൊയ്‌ത് കുടുംബശ്രീ അംഗങ്ങള്‍. പള്ളിക്കര പഞ്ചായത്തിലെ കതിര്‍ ജെ എല്‍. ജി ഗ്രൂപ്പ് അംഗങ്ങളാണ് 13 വര്‍ഷമായി കൃഷിയിറക്കാതെ തരിശിട്ട പാടത്ത് അധ്വാനത്തിന്‍റെ വിയര്‍പ്പ് പൊടിച്ച് നെല്ല് വിളയിച്ചത്. 50 സെന്‍റ് പാടത്തിലാണ് നെല്‍കൃഷിയിറക്കിയത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്‍റ് പി. ഇന്ദിര വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
നെല്‍കൃഷിക്കൊപ്പം പച്ചക്കറികളും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. സുഭിക്ഷ കേരളത്തിനായി നാടാകെ മണ്ണിലിറങ്ങുമ്പോള്‍ തങ്ങളാലാവും വിധമാണ് കുടുംബശ്രീ കൂട്ടായ്മകളുടെയും കാര്‍ഷിക സംരംഭങ്ങള്‍ ഒരുക്കുന്നത്. ആദ്യത്തെ കൃഷിയില്‍ തന്നെ മികച്ച വിളവ് ലഭിച്ചതും കാര്‍ഷിക രംഗത്തെ മുന്നോട്ട് പോക്കിന് പ്രേരകമാണെന്ന് ജെ.എല്‍.ജി അംഗങ്ങള്‍ പറഞ്ഞു.