കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ദുരിതബാധിതര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. മെഡിക്കല്‍ ക്യാമ്പില്‍ മുഴുവന്‍ ഇരകളെയും പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കലക്‌ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തിയ സമരത്തിനൊടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രാവര്‍ത്തികമാക്കാത്ത ഘട്ടത്തിലാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. അഞ്ഞൂറോളം പേരെ പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും മറ്റ് ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എല്ലാത്തിനും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ കലക്‌ടര്‍ തന്നെ കാസര്‍കോട്ടെ പ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടല്ലെന്ന് പറയുമ്പോള്‍ നീതി തങ്ങള്‍ക്ക് അന്യമാകുന്നുവെന്നാണ് പീഡിത ജനകീയ മുന്നണി പറയുന്നത്.
റവന്യൂ മന്ത്രി പങ്കെടുത്ത സെല്‍യോഗത്തിലെ തീരുമാനം പോലും അട്ടിമറിക്കപ്പെട്ടു. 10- ദിവസങ്ങളിലായി ദുരിതബാധിതര്‍ക്ക് വേണ്ടി നടത്തുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ ക്യാമ്പ് ഭിന്നശേഷിക്കാരെ കണ്ടെത്തുന്ന ക്യാമ്പായി മാറിയെന്ന് പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഒരു ദിവസമെങ്കിലും ദുരിതബാധിതര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്താമെന്ന ഉറപ്പ് ലഭിച്ചത്. ശാസ്‌ത്രീയമായ നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടന്നിട്ടുണ്ട്. അതിനെപ്പോലും തളളുന്ന ജില്ലാ കലക്‌ടറെ എന്‍ഡോസള്‍ഫാന്‍ സെല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.