ന്യൂഡല്‍ഹി: എൻഡോസൾഫാൻ ബാധിതരായ 98 ശതമാനം അര്‍ഹതപ്പെട്ടവര്‍ക്കും നഷ്‌ടപരിഹാരം നൽകിയതായി കേരള സർക്കാർ. ഇതുസംബന്ധിച്ച വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, സാന്ത്വന പരിചരണത്തിന്‍റെ (പാലിയേറ്റിവ് കെയര്‍) വിശദാംശങ്ങള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് ഈ നിര്‍ദേശം നല്‍കിയത്. ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാന്ത്വന പരിചരണത്തിനായി വിദൂര സ്ഥലങ്ങളില്‍ പോകേണ്ടിവരുന്നുവെന്ന് ഇവര്‍ക്കായി ഹാജരായ അഭിഭാഷകന്‍ പി.എസ് സുധീര്‍ വാദിക്കുകയുണ്ടായി. ഇത് കടുത്ത പ്രയാസം സൃഷ്‌ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ടാറ്റ നിര്‍മിച്ച കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കിലെ 550 കിടക്കകളുള്ള ആശുപത്രി നിലവില്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇവിടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള സാന്ത്വന പരിചരണ വിഭാഗം ആരംഭിക്കണമെന്നും സുധീര്‍ കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദേശം പുറപ്പെടുവിച്ചത്. അതേസമയം, എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ നിർദേശം. ജെബി മേത്തർ എം.പിയുടെ പരാതിയിലാണ് കമ്മിഷന്‍റെ നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌ത സംവത്തിലാണ് ജെബിയുടെ ഇടപെടല്‍.