കാസർകോട്: തെരഞ്ഞെടുപ്പ് പ്രചാരണോപാധികള്‍ പലതരമാണ്. ചുവരെഴുത്തും വാഹനപ്രചാരണവും പോസ്റ്റര്‍ പതിക്കലുമെല്ലാമുള്ള പരമ്പരാഗത രീതികള്‍ക്കപ്പുറം ഇക്കുറി സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളാണ് സജീവം. സംസ്ഥാനത്ത് തരംഗമാവുകയാണ് കാസര്‍കോട് ബേഡഡുക്കയിലെ ഇടതുമുന്നണിയുടെ പോസ്റ്ററുകള്‍.
ആശയങ്ങള്‍ കൊണ്ടും ഡിസൈനുകള്‍ കൊണ്ടും സമ്പുഷ്‌ടമായ പോസ്റ്ററുകളാണ് ബേഡഡുക്ക പഞ്ചായത്തിലെ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ടീം ബേഡകം രൂപകല്‍പന ചെയ്‌തത്. സിനിമാ സ്‌റ്റൈലിലുള്ള പോസ്റ്ററുകള്‍ പുറത്തിറക്കുന്നതിലൂടെ ഇതിനകം തന്നെ ഇവിടുത്തെ സ്ഥാനാര്‍ഥികളെ നാടാകെ പരിചിതരായിക്കഴിഞ്ഞു. കൊവിഡ് കാലത്ത് വോട്ടര്‍മാരെ നേരില്‍ സമീപിക്കുന്നതിലെ പ്രയാസങ്ങള്‍ മറികടക്കാന്‍ സമൂഹമാധ്യമ ഇടപെടലുകളിലൂടെ സാധിക്കുമെന്ന് തെളിയിക്കുകയാണ് ടീം ബേഡകം.
ഓരോ പോസ്റ്ററുകളും ജനമനസുകളില്‍ ഇടംനേടിയെന്നതിന് തെളിവാണ് നവമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. ഓരോ സ്ഥാനാര്‍ഥിയുടെയും ജീവിത സാഹചര്യങ്ങളും പൊതുവിടങ്ങളിലെ ഇടപെടലുകളും മനസിലാക്കി അതിനനുസരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയത്. കടുവ സിനിമയുടെ പോസ്റ്ററില്‍ നടന്‍ പൃഥ്വിരാജ് ജീപ്പിന് മുകളില്‍ ഇരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണന്‍ എന്ന കര്‍ഷകന്‍. പയസ്വിനി പുഴയിലൂടെ തോണിയില്‍ യാത്രയാവുന്ന പ്രിയ, അപ്പാരല്‍ പാര്‍ക്കിലെ തയ്യല്‍ തൊഴിലാളി വത്സല, എന്നും ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയില്‍ കാണപ്പെടുന്ന വരദരാജ്, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും എഫ് സി ബൈക്കില്‍ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവന്‍. സ്ഥാനാര്‍ഥികളെ പോസ്റ്ററുകളിലൂടെ അടയാളപ്പെടുത്തുകയാണിവിടെ.
സ്ഥാനാര്‍ഥിലോകം സ്മാര്‍ട്ട് ഫോണുകളിലേക്കൊതുങ്ങുമ്പോള്‍ ഇത്തരം പ്രചാരണത്തിലൂടെ വോട്ടര്‍മാര്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് ടീം ബേഡകം ഉറപ്പിക്കുന്നു. നേരിട്ട് കടന്നു ചെല്ലാന്‍ പറ്റാത്ത വിഷമം ഇങ്ങനെയെങ്കിലും പരിഹരിക്കപ്പെടുമല്ലോ എന്നത് സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആശ്വാസവുമാകുന്നു.