കാസർകോട്: പെരുമ്പാമ്പ് പൊതു കിണറിൽ വീണു ചത്തതോടെ കഴിഞ്ഞ മൂന്നു മാസമായി നാട്ടുകാരുടെ കുടിവെള്ളം മുടങ്ങി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ആറിനാണ് മംഗൽപ്പാടി പഞ്ചായത്തിലെ ചുക്കുരിയടുക്കയിൽ കിണറിൽ പെരുമ്പാമ്പ് വീണത്. കണ്ടയുടനെ തന്നെ പാമ്പിനെ നാട്ടുകാർ പുറത്ത് എത്തിക്കുകയും ചെയ്‌തു.
എന്നാൽ, കിണർ ശുചീകരിക്കാതെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇരുപതോളം കുടുംബങ്ങളാണ് ഈ കിണറിനെ ആശ്രയിച്ചു ജീവിക്കുന്നത്.
കുടിവെള്ളം മുടങ്ങിയതോടെ അയൽവീടുകളിൽ നിന്നാണ് നിലവിൽ ഇവർ വെള്ളം ശേഖരിക്കുന്നത്. എന്നാൽ, ഈ കിണറുകളിലെയും വെള്ളം വറ്റി തുടങ്ങിയതോടെ കുടുംബങ്ങൾ ആശങ്കയിലാണ്. 200 മീറ്റർ അകലെയായുള്ള ജലനിധിയുടെ പൈപ്പ് ലൈൻ നീട്ടികിട്ടിയാൽ 20 കുടുംബങ്ങൾക്കും ആശ്വാസമാകും.
എന്നാൽ, നിരവധി നിവേദനം പഞ്ചായത്തിന് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് കിണറിൽ പെരുമ്പാമ്പ് വീണ് ചത്തത്. ഇതോടെ വെള്ളക്ഷാമം രൂക്ഷമായി. പഞ്ചായത്ത് അധികൃതർ കനിഞ്ഞാൽ ഒരു ദിവസം കൊണ്ട് കിണർ ശുദ്ധീകരിച്ച് ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാം. കഴിഞ്ഞ മൂന്നുമാസമായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല. അവസാനം നാട്ടുകാർ ചേർന്ന് കിണർ വൃത്തയാക്കാമെന്നും പഞ്ചായത്ത് ഇതിന്‍റെ പണം നൽകി സഹായിച്ചാൽ മതിയെന്ന് പറഞ്ഞെങ്കിലും അതും വാഗ്‌ദാനം മാത്രമായി ഒതുങ്ങി.