കാസര്‍കോട്: നിയമങ്ങളും മുന്നറിയിപ്പുകളും പാലിക്കാനുള്ളതാണ് എന്ന സന്ദേശവുമായി കാസര്‍കോട് മോട്ടോര്‍ വാഹന വകുപ്പിന്റെ തെരുവോര ചിത്രമേള. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായാണ് കലാകാരന്മാരെ പങ്കെടുപ്പിച്ചുള്ള ബോധവത്കരണ പരിപാടികള്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്നത്. അമിതവേഗവും അശ്രദ്ധയും മൂലം നിരത്തുകളില്‍ പൊലിയുന്ന ജീവിതങ്ങളായിരുന്നു ചിത്രകാരന്മാര്‍ കാന്‍വാസില്‍ വരച്ചത്.
അപകടങ്ങളുടെ എണ്ണത്തിലുണ്ടായ കുറവ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്നതിന്‍റെ സൂചനയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിയമങ്ങള്‍ കര്‍ശനമാകുന്നതോടെ നിയമലംഘകരുടെ എണ്ണം കുറയുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ് റോഡ് സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്നത്. കമേഴ്ഷ്യല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍റെ സഹകരണത്തോടെയാണ് പുതിയ ബസ്റ്റാൻഡ് പരിസരത്ത് തെരുവോര ചിത്രമേള സംഘടിപ്പിച്ചത്.