കാസർകോട് : സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പനമരം നടവയൽ സ്വദേശി അഖിൽ ടോമി (24), തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനോയ് സി ബേബി (25), വയനാട് പുൽപള്ളി സ്വദേശി അനു ഷാജു (28 ) എന്നിവരാണ് അറസ്റ്റിലായത്.
കാസർകോട് ഡിവൈഎസ്‌പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ വെച്ചാണ് മൂന്നുപ്രതികളും അറസ്റ്റിലായത്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
READ MORE : ദേശീയപാതയില്‍ 65 ലക്ഷം കവര്‍ന്ന കേസ് : കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
കഴിഞ്ഞ മാസം 22 ന് മൊഗ്രാൽ പുത്തൂർ കടവത്തുവച്ചാണ് സ്വർണ വ്യാപാരിയുടെ പണവുമായി പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലിയിലെ രാഹുൽ മഹാദേവ് ജാവേറിനെ കാറുകളിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ചത്.
പണം കൊള്ളയടിച്ച ശേഷം ജാവേറിനെ കാറോടെ പയ്യന്നൂർ ദേശീയപാതയിൽ ഉപേക്ഷിച്ചിരുന്നു.