കാസർകോട് : കോളാമ്പി മൈക്കിലൂടെ ഉയരുന്ന പാട്ട് കേട്ട് ഒഴുകിയെത്തുന്ന ജനക്കൂട്ടം. വർണ വെളിച്ചം കൊണ്ട് അലങ്കരിച്ച ടെന്‍റിൽ സൈക്കിൾ അഭ്യാസം. കാണികളുടെ ആർപ്പു വിളി. ഒരു കാലത്ത് നാട്ടിൻ പുറങ്ങളിലെ സജീവ കാഴ്‌ചകളിൽ ഒന്നായിരുന്നു സൈക്കിൾ യജ്ഞം (cycle circus street performance).
ഇന്നത്തെ പോലെ സാധാരണക്കാരന് ഉല്ലസിക്കാൻ മാർഗങ്ങളില്ലാത്ത കാലത്ത് സൈക്കിൾ യജ്ഞം നാടിന്‍റെ ഉത്സവമായിരുന്നു. രാത്രിയിൽ നടക്കുന്ന സൈക്കിൾ അഭ്യാസം കാണാൻ നാട് മുഴുവൻ ഒഴുകിയെത്തിരുന്നു. ടെലിവിഷന്‍റെ വരവോടു കൂടി ആളുകൾ വീടുകളിൽ മാത്രം ഒതുങ്ങിയതോടെ ഇത്തരം പരിപാടികളും അരങ്ങൊഴിഞ്ഞു.
എന്നാൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി സൈക്കിൾ യജ്ഞം വീണ്ടും നാട്ടിൻ പുറങ്ങളിൽ സജീവമാകുകയാണ്. കോളാമ്പി മൈക്കും പാട്ടും ടെന്‍റും എല്ലാം പഴയ മാതൃകയിൽ തന്നെ. മലയാളം, തമിഴ് ഹിറ്റ് പാട്ടുകളും രാത്രിയെ പകലാക്കി കണ്ണഞ്ചിപ്പിക്കുന്ന ട്യൂബ് ലൈറ്റുകളുടെ പ്രകാശവും സൈക്കിൾ അഭ്യാസവും എല്ലാം വീണ്ടും എത്തിയതോടെ ആവേശിലാണ് നാട്ടുകാരും. എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബ സമേതമാണ് സൈക്കിൾ യജ്ഞം കാണാൻ എത്തുന്നത്.
അഞ്ച് വയസുകാരൻ അത്‌ഭുത്തോടെ സൈക്കിൾ യജ്ഞം നോക്കികാണുമ്പോൾ എഴുപതുകാരൻ പഴയ ഓർമകളിലേക്ക് പോകുന്ന കാഴ്‌ച. തീപന്തം കത്തിച്ചുള്ള സൈക്കിൾ അഭ്യാസം, ട്യൂബ് ലൈറ്റ് അടിച്ചു പൊട്ടിക്കൽ, വെള്ളം നിറച്ച പാത്രങ്ങൾ കൊണ്ടുള്ള അഭ്യാസങ്ങൾ എല്ലാം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. അന്യം നിന്നുപോയ നാടൻ വിനോദമായ സൈക്കിൾ യജ്ഞം പിലിക്കോട് മൈതാനത്ത് എത്തിയപ്പോൾ നിറഞ്ഞ സദസാണ് ഉണ്ടായിരുന്നത് (cycle circus street performance in Kasaragod).
കർണാടകയിൽ നിന്നുള്ള സംഘമാണ് ഇവിടെ പരിപാടി അവതരിപ്പിച്ചത്. സൈക്കിൾ അഭ്യാസതിനൊപ്പം ഡാൻസും കാണികളുടെ മനം കവർന്നു. കയ്യടിക്കൊപ്പം കാണികൾ പണവും ഇവർക്ക് നൽകി. പഴയ ഓർമകൾ സമ്മാനിച്ചതിനു കോഴികളെ പോലും നൽകിയാണ് ചിലർ മടങ്ങിയത്.