കാസർകോട്: കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ബോധവത്കണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. ഹ്രസ്വ ചിത്രത്തിലൂടെയാണ് മഹാമാരിക്കെതിരായ ബോധവത്കരണം. കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങി പ്രാഥമികമായി ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്ന പ്രവണതകള്‍ വര്‍ധിക്കുന്ന ഘട്ടത്തിലാണ് "ദി എന്‍ഡ് ഓഫ് റിമൈന്‍ഡര്‍" എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങുന്നത്. യുവാക്കള്‍ക്കിടയിലെ അശ്രദ്ധ കാരണം പ്രായമായ പിതാവിന് കൊവിഡ് പകരുകയും അദ്ദേഹം മരണപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘന വാര്‍ത്തകള്‍ ദിവസവും പുറത്തുവരുന്ന സാഹചര്യത്തിലാണ് ഒരു ഹ്രസ്വ ചിത്രമെന്ന ആശയവുമായി കുറച്ച് യുവാക്കള്‍ മുന്നോട്ട് വന്നത്. ഫരിസ്‌ത ക്രിയേഷന്‍സിന്‍റെ ബാനറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ചെങ്കള ഏഴാം വാര്‍ഡ് ജാഗ്രതാ സമിതിയുടെയും പൈക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും സഹകരണത്തോടെയാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയത്. ടീം ബഹ്‌റൈന്‍ ആണ് ചിത്രീകരിച്ചത്. നാടകപ്രവര്‍ത്തകരായ ബി.സി കുമാരന്‍, മനാഫ് പൈക്ക എന്നിവരുടെ തിരക്കഥയില്‍ ഷാഫി പൈക്കയാണ് ചിത്രം സംവിധാനം ചെയ്തത്.