കാസര്‍കോട് : ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താന്‍ പൊതുജനത്തിന്‍റെ സഹകരണം അഭ്യര്‍ഥിച്ച് കാസര്‍കോട് ജില്ല ഭരണകൂടം. ഓക്‌സിജന്‍ ചാലഞ്ച് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അഭ്യര്‍ഥനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതര്‍ പ്രാണവായു കിട്ടാതെ മരിക്കുന്ന സംഭവങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലുമാണ് ഓക്‌സിജന്‍ ചാലഞ്ചുമായി അധികൃതര്‍ മുന്നോട്ടുവന്നത്. ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണ് പൊതുജനത്തിന് മുമ്പാകെ അഭ്യര്‍ഥനവച്ചത്.
സാമൂഹിക സാംസ്‌കാരിക വ്യാവസായിക സന്നദ്ധ സേവന രംഗത്തെ ആളുകളും കൂട്ടായ്മകളുമെല്ലാം ഓക്‌സിജന്‍ ചാലഞ്ച് ഏറ്റെടുക്കുകയാണ്. ആരോഗ്യ- വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന ഡി ടൈപ്പ് സിലിണ്ടറുകള്‍ ജില്ലയ്ക്കുവേണ്ടി സംഭാവന ചെയ്ത് ചാലഞ്ചില്‍ പങ്കാളികളാവണം എന്ന അഭ്യര്‍ഥന സാമൂഹിക മാധ്യമത്തിലൂടെയാണ് കലക്ടറും ജനപ്രതിനിധികളും പങ്കുവച്ചത്. ഉടന്‍ തന്നെ പിന്തുണ അറിയിച്ച് നിരവധി പേരെത്തി.
ALSO READ : നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമം
നിലവില്‍ ഓട്ടോ മൊബൈല്‍ മേഖലയിലെ 130 ഓളം സിലിണ്ടറുകള്‍ ജില്ല ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. പക്ഷെ രോഗബാധിതരുടെ എണ്ണം കൂടുന്നതും സ്വകാര്യമേഖലയിലുള്‍പ്പെടെ ഓക്‌സിജന്‍റെ ലഭ്യതക്കുറവിലേക്ക് നീങ്ങിത്തുടങ്ങിയ സാഹചര്യത്തിലുമാണ് ഇത്തരമൊരാശയം നടപ്പാക്കുന്നത്. മംഗളൂരുവില്‍ നിന്നാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നത്. ഇതില്‍ കുറവ് വന്നതോടെ കണ്ണൂരിലെ ബാല്‍കോ, കോഴിക്കോട്ടെ ഗോവിന്ദ് എന്നീ ഏജന്‍സികളില്‍ നിന്നാണ് എത്തിക്കുന്നത്. ഒപ്പം കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും കലക്ടര്‍ പറഞ്ഞു.