കാസര്‍കോട്: കൊവിഡ് രോഗവ്യാപനത്തില്‍ കേരളത്തെ ഏറെ ആശങ്കപ്പെടുത്തിയ കാസര്‍കോട് ഇന്ന് അതിജീവനത്തില്‍ വേഗത കൈവരിക്കുകയാണ്. കാസര്‍കോടന്‍ മാതൃകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉള്‍പ്പെടെ പ്രകീര്‍ത്തിക്കുമ്പോള്‍ അത് ജില്ലക്കാകെയുള്ള അംഗീകാരമാണ്. എല്ലാ വിഭാഗം ആളുകളെയും വിശ്വാസത്തിലെടുത്തുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന നിലയിലെ രോഗവിമുക്തിയിലേക്ക് കാസര്‍കോടിനെ എത്തിച്ചത്. രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കൊവിഡ് രോഗികളില്‍ ഒന്ന് കാസര്‍കോടായിരുന്നു. ആരിലും പകരാതെ കൃത്യമായ ഐസൊലേഷനില്‍ രോഗിയെ പാര്‍പ്പിച്ചത് മുതല്‍ തുടങ്ങിയതാണ് കാസര്‍കോട് ജില്ലയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം.
ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തി വൈറസ് വ്യാപിക്കുമ്പോള്‍ കാസര്‍കോട് ജില്ലാ ഭരണകൂടം ആശങ്കപ്പെട്ടത് പ്രവാസികളെക്കുറിച്ചാണ്. പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ രോഗവിവരങ്ങള്‍. ഗള്‍ഫില്‍ നിന്നും മടങ്ങുന്നവരില്‍ വൈറസ് അതിവേഗം പടരുന്ന ഘട്ടത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും വേഗത്തിലാക്കിയതിന്‍റെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്ന പരിശോധനാ ഫലങ്ങള്‍. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടിയപ്പോള്‍ രാജ്യത്തെ ആദ്യ പത്ത് ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി ഒരു ഘട്ടത്തില്‍ കാസര്‍കോട് മാറിയിരുന്നു. അവിടെ നിന്നുമാണ് അതിവേഗത്തിലുള്ള രോഗവിമുക്തിയിലേക്കെത്തുന്നത്.
വൈറസിന്‍റെ പശ്ചാത്തലത്തില്‍ 28 ദിവസത്തെ ക്വാറന്‍റൈന്‍ നിരീക്ഷണം വേണമെന്ന് ആരോഗ്യസംഘടനകള്‍ പറയുന്നതിന് മുമ്പ് തന്നെ രോഗസാധ്യതയുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ സാധിച്ചതാണ് രോഗപ്രതിരോധപ്രവര്‍ത്തനത്തില്‍ നേട്ടമായത്. കൊവിഡ് രണ്ടാം ഘട്ടത്തില്‍ ആദ്യ രോഗിയെ കണ്ടെത്തിയപ്പോള്‍ തന്നെ ഫെബ്രുവരി 20ന് ശേഷം ഗള്‍ഫില്‍ നിന്നും വന്ന മുഴുവന്‍ ആളുകളെയും നിരീക്ഷണത്തിലാക്കി. അതായത് വൈറസിന്‍റെ മൂന്നാം ഘട്ടമാകുമ്പോഴേക്ക് 55 ദിവസം നിരീക്ഷണകാലം ലഭിച്ചു. അതിനാല്‍ രോഗവ്യാപനം തടയുന്നതിലും വൈറസ് വാഹകരെ അതിവേഗം കണ്ടെത്തുന്നതിനും സാധിച്ചു. ഇവരെ ദിവസവും നിരീക്ഷിക്കാന്‍ പ്രാദേശിക തലത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും ചുമതലപ്പെടുത്തി. പഞ്ചായത്തംഗം, ആശാ വര്‍ക്കര്‍, പൊലീസ് എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് ദിവസേന ഓരോ വാര്‍ഡിലെയും റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചതും ആദ്യം മുതല്‍ തന്നെ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതുമെല്ലാം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായകമായി.
മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ ആസൂത്രിതമായ കര്‍മപദ്ധതിയാണ് ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയത്. സംസ്ഥാനത്ത് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പല ആരോഗ്യ നിര്‍ദേശങ്ങളും കാസര്‍കോട്ട് നടപ്പാക്കാനും ഇതുവഴി സാധിച്ചു. ഹോം ക്വാറന്‍റൈൻ എന്നത് റൂം ക്വാറന്‍റൈന്‍ എന്ന നിലയിലേക്ക് വളരെ നേരത്തെ തന്നെ മാറ്റിയിരുന്നു. ജനതാ കര്‍ഫ്യു ശക്തിപ്പെടുത്തി. ജനങ്ങളെ സാമൂഹിക അകലത്തിന്‍റെ പ്രാധാന്യം ഓര്‍മപ്പെടുത്തും വിധം പൊലീസും ജില്ലാ ഭരണകൂടവും കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു. പലപ്പോഴും വിമര്‍ശനങ്ങളുണ്ടായെങ്കിലും നടപടികളില്‍ നിന്നും പിന്നോട്ട് പോകാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല.
കാസര്‍കോട് ജില്ലയിലാണ് കൊവിഡ് വ്യാപനമെന്ന തരത്തില്‍ കര്‍ണാടക അതിര്‍ത്തികള്‍ കൊട്ടിയടച്ചെങ്കിലും വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനുള്ള സജീകരണങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കാനും അധികൃതര്‍ക്കായി. ആരോഗ്യമേഖലയിലടക്കം പിന്നാക്കം നില്‍ക്കുന്നുവെങ്കിലും ഉള്ള സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു കാസര്‍കോട്. മറ്റു ജില്ലകളില്‍ 300 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്ന നിലയില്‍ സേവനം ലഭ്യമാകുമ്പോള്‍ കാസര്‍കോട് അത് 1925 പേര്‍ക്ക് ഒന്ന് എന്ന നിലയിലാണ്. എങ്കിലും ഇതൊന്നും പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 902 കിടക്കകള്‍ നേരത്തെ തന്നെ സജീകരിച്ചു. കൊവിഡ് സംശയിക്കുന്നവരെ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ 350 ലോഡ്ജ് മുറികളും സജ്ജമാക്കി. ഒപ്പം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പൂര്‍ണമായും കൊവിഡ് ചികിത്സ മാത്രമാക്കി. സര്‍ക്കാരിതര ആശുപത്രികളില്‍ മറ്റു രോഗികളെ ചികിത്സിക്കാൻ സംവിധാനമൊരുക്കിയതും സാധാരണക്കാര്‍ക്ക് ആശ്വാസമായി.
ജില്ലയിലേക്ക് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം എത്തി. പിന്നാലെ കൊവിഡ് സ്‌പെഷ്യല്‍ ഓഫിസറെയും ജില്ലയില്‍ നിയമിച്ചു. പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും കൃത്യമായ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പിന്നീട് ജില്ല സാക്ഷ്യം വഹിച്ചത്. രോഗികളുടെ ഏണ്ണം അനുദിനം വര്‍ധിക്കുമ്പോഴും ആശങ്കക്ക് വകയില്ലാത്ത വിധമായിരുന്നു എല്ലാ വിഭാഗം ആളുകളുടെയും പ്രവര്‍ത്തനം. മറ്റെവിടെയും കാണാത്ത തരത്തിലായിരുന്നു ജില്ലയിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍. രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ കൂട്ടി. ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നഗരസഭയും ചെമ്മനാട് പഞ്ചായത്തുമുള്‍പ്പെടുന്ന തദ്ദേശ സ്ഥാപന പരിധികളില്‍ ആദ്യം ഡബിള്‍ ലോക്കും തുടര്‍ന്ന് ട്രിപ്പിള്‍ ലോക്കുമേര്‍പ്പെടുത്തുകയായിരുന്നു. ഇവിടങ്ങളില്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നതിന് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി. ആവശ്യസാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് ഒഴിവാക്കാനായി പൊലീസ് തന്നെ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു. പല സ്ഥലങ്ങളിലും വഴികള്‍ അടച്ചും ജനങ്ങളെ നിയന്ത്രിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ ഓരോ അഞ്ച് വീടിനും പ്രത്യേക നിരീക്ഷണങ്ങളും പൊലീസ് ഏര്‍പ്പെടുത്തി.
രോഗികളുമായുള്ള സമ്പര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സാധിച്ചതാണ് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. വൈറസ് വ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തില്‍ സമൂഹ വ്യാപന സാധ്യതകള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെ വളരെ നേരത്തെ തന്നെ സാമൂഹിക സര്‍വേ നടത്തി രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാന്‍ സാധ്യത പ്രവചിക്കുമ്പോള്‍ ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ മുഴുവന്‍ വീടുകളിലും കയറിയുള്ള സാമൂഹിക സര്‍വേയും അതിന്‍റെ ഭാഗമായി നടത്തിയ പരിശോധനാ ഫലങ്ങളും ശുഭസൂചനയാണ് നല്‍കുന്നത്.