കാസര്‍കോട്: കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുള്ള 26 പേർ കൂടി ഇന്ന് ആശുപത്രി വിടും. കാസര്‍കോട് ജനറൽ ആശുപത്രിയിൽ നിന്നുള്ളവരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രണ്ടാം ഘട്ടത്തിൽ രോഗമുക്തരായവരുടെ എണ്ണം 60 ആയി. കഴിഞ്ഞ ഒരാഴ്‌ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതും രോഗമുക്തിക്കൊപ്പം ജില്ലയ്‌ക്ക് ആശ്വാസം പകരുന്നു.
ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ച രണ്ട് പെണ്‍കുട്ടികൾക്ക് മാതാവിലൂടെയാണ് രോഗം പകര്‍ന്നത്. ഇതുവരെ സമ്പർക്ക പട്ടികയിലെ 62 പേരുൾപ്പെടെ 165 പേരിൽ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിലാകെ 10,600 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതുവരെ 2,094 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതില്‍ 1,329 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. അതേസമയം രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ വിപുലമായ ഗൃഹസന്ദർശന സർവേ നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സർവേയിലൂടെ രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധിതരുമായി സമ്പർക്കത്തിലുള്ളവരെയും കണ്ടെത്തുന്നതിനും അവരുടെ സ്രവ പരിശോധന നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ പരിശോധന നടത്തുന്നതിലൂടെ രോഗബാധിതരെ കണ്ടെത്താനും അവരുടെ സമ്പർക്ക സാധ്യത ഇല്ലാതാക്കുന്നതിനും സാധിക്കുമെന്നുമാണ് വിലയിരുത്തൽ.