കാസർകോട്: പഴമകളെ മറക്കുന്ന പുതു തലമുറയെ അമ്മൂമ്മ കഥകളിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിച്ചു കൂറ്റൻ ശിൽപം. ബേക്കലിന്‍റെ തീരത്താണ് 25 അടി പൊക്കത്തിൽ കോണ്‍ക്രീറ്റ് ശിൽപം തീർത്തത്. അമ്മൂമ്മക്കൊരുമ്മ എന്ന പേരിൽ ശില്‍പി എം.വി.ചിത്രരാജും സംഘവുമാണ് പള്ളിക്കര ബീച്ച് പാർക്കിനോട് ചേർന്ന് സിമന്‍റ് മിശ്രിതത്തിൽ ശിൽപം പണി തീർത്തത്.
കുഞ്ഞിനെയും ഒക്കത്തെടുത് നിൽക്കുന്ന അമ്മൂമ്മ. പശ്ചാലത്തിൽ കോൽക്കളി. ബീച്ച് പാർക്കിനുള്ളിലെ പാതയോരത്ത് തലയുയർത്തി നിൽക്കുന്ന ഈ ശിൽപം കണ്ടാൽ ആരുമൊന്ന് ശ്രദ്ധിക്കും. അറബിക്കടലിനെ അമ്മൂമ്മയായി സങ്കൽപ്പിച്ചുള്ളതാണ് ശില്‍പാവിഷ്കാരം. അമ്മൂമ്മക്കൊരുമ്മ എന്ന പേരിലുള്ള ശിൽപ നിർമാണം അവസാന ഘട്ടത്തിലാണ്.
ബിആർഡിസിയുടെ കീഴിലാണ് ശിൽപം നിർമിച്ചത്. 11 ആം വയസിൽ ശിൽപ കലയിൽ കേന്ദ്ര സർക്കാരിന്‍റെ ടാലന്‍റ് റീസേർച്ച് അവാർഡ് നേടിയിട്ടുണ്ട് ചിത്രരാജ്. പറയി പെറ്റ പന്തിരുകുലം, മഹാത്മാ ഗാന്ധി, ബുദ്ധൻ, ടാഗോർ തുടങ്ങിയ നിരവധി ശില്‍പങ്ങള്‍ നിർമിച്ചിട്ടുണ്ട്. സിവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ ചിത്രരാജിനൊപ്പം ശിൽപകല അഭ്യസിക്കുന്ന ആറ് വിദ്യാർഥികൾ കൂടി ബേക്കലിലെ ശിൽപ നിർമാണത്തിൽ സഹായികളായെത്തി.