കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന മുഴുവൻ കുട്ടികളും ആശുപത്രി വിട്ടു. എല്ലാവർക്കും വീടുകളിൽ നിരീക്ഷണമൊരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ആശുപത്രികളിലായി അമ്പത്തിയൊമ്പത് പേരാണ് ആകെ ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും, ചെറുവത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയിലുണ്ടായിരുന്ന മുഴുവൻ പേരും നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ ഇന്ന് രാവിലെയാണ് വീട്ടിലേക്ക് മടങ്ങിയത്. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചവരുടേത് ഉൾപ്പടെ ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൂൾബാറിൽ നിന്ന് ഭക്ഷ്യസുരക്ഷ വിഭാഗം ശേഖരിച്ച സാമ്പിളുകളിൽ ഷിഗെല്ല-സാൽമണല്ല ബാക്‌ടീരിയകളുടെ സാന്നിധ്യവും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷ വിഭാഗങ്ങളുടെ പ്രത്യേക പരിശോധന തുടരുകയാണ്.