കാസർകോട് : പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് എടുക്കാമെന്ന കോടതി അനുമതിക്ക് പിന്നാലെയാണ് ബദിയടുക്ക പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർഥിയായിരുന്ന വി വി രമേശന്‍റെ പരാതിയിൽ ആയിരുന്നു കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെ പ്രതിചേർത്ത് കേസെടുക്കാൻ അനുമതി നൽകിയത്.
മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി ആയിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപ ലഭിച്ചെന്ന വെളിപ്പെടുത്തൽ സംബന്ധിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 ബി, ഇ വകുപ്പ് പ്രകാരമാണ് കേസ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
also read: പത്രിക പിന്‍വലിക്കാന്‍ കോഴ : സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി
ഇതിനൊപ്പം മറ്റാക്ഷേപങ്ങളിലും അന്വേഷണം നടത്തേണ്ടി വരും. സുന്ദരയുടെ വെളിപ്പെടുത്തൽ വന്നതിനുപിന്നാലെ സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്കാണ് വി.വി രമേശൻ ആദ്യം പരാതി നൽകിയത്. ഇതിൽ സുന്ദരയുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള പ്രാഥമിക നടപടികൾ പൊലീസ് നേരത്തെ പൂർത്തിയാക്കിയിരിന്നു.
കേസിൽ തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി കൂട്ടിച്ചേര്‍ക്കും. കൂടാതെ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കുമെന്നാണ് ലഭിക്കുന്ന വിവരം. സുന്ദരയുടെ മൊഴി കൂടി ചേർത്ത് റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.