കാസർകോട്: മംഗളൂരുവില്‍ നിന്ന് വിത്ത് എത്തിച്ച് കഞ്ചാവ് കൃഷി നടത്തിയ വിദ്യാർഥി അറസ്റ്റിൽ. വീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയതിന് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ പി നജീബ് മഹ്‌ഫൂസാണ് (22) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
വീടിന്‍റെ ടെറസില്‍ കുപ്പി മുറിച്ച് മണ്ണ് നിറച്ച് വിത്തിട്ടാണ് നജീബ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ബിരുദ വിദ്യാർഥിയെ പൊലീസ് തന്ത്രപരമായാണ് കുടുക്കിയത്. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദും സംഘവും കളത്തൂര്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തി. ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടോയെന്ന ഇന്‍സ്‌പെക്‌ടറുടെ ചോദ്യത്തിന് ഒന്നുമില്ല മറുപടിയാണ് നജീബ് നല്‍കിയത്.
അന്വേഷിച്ച് വരാമെന്ന് പറഞ്ഞു യുവാവിനെ കൂട്ടി മട്ടുപ്പാവിലെത്തിയപ്പോഴാണ് ഇന്‍സ്‌പെക്‌ടറും സംഘവും മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഇതിന് രണ്ട് മാസം വളര്‍ച്ചയുണ്ടായിരുന്നു. പിടിയിലായതോടെ സ്വന്തം ഉപയോഗത്തിനും വില്‍പനയ്‌ക്കുമായാണ് കൃഷി നടത്തി വന്നതെന്ന് നജീബ് പൊലീസിനോട് സമ്മതിച്ചു. മംഗളൂരുവിലെ കോളജിലെ ബിരുദ വിദ്യാർഥിയാണ് അറസ്‌റ്റിലായ നജീബ്.