കാസർകോട്: കൈക്കൂലി കേസില്‍ ചെങ്കള കൃഷി ഓഫിസർ അറസ്റ്റില്‍. എറണാകുളം സ്വദേശി അജി പി.ടിയാണ് വിജിലന്‍സിന്‍റെ പിടിയിലായത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്‍റെ സംയുക്ത പദ്ധതിയായ 'സുഭിക്ഷം-സുരക്ഷിതം' പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തല്‍.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ വിജിലൻസ് സംഘം ഇയാളിൽ നിന്ന് 5000 രൂപ പിടിച്ചെടുത്തിരുന്നു. വിജിലൻസ് ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Also Read: യൂണിഫോമില്‍ വനിത എസ്.ഐ, ചേര്‍ത്ത് പിടിച്ച് പ്രതിശ്രുത വരൻ; വിവാദമായി സേവ് ദി ഡേറ്റ്
പദ്ധതി വിഹിതത്തിൽ നിന്ന് ഒരു മാസത്തെ തുകയായ 7000 രൂപ ഉദ്യോഗസ്ഥന് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിൽ 5000 രൂപ വാങ്ങിയത് കമ്പ്യൂട്ടർ വർക്കുകൾ ചെയ്ത് തീർക്കാനുണ്ടെന്ന് പറഞ്ഞാണ്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്.