മംഗളൂരു: വിമാനത്താവളത്തിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ബോംബ്. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെര്‍മിനലിലെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറില്‍ രാവിലെ പത്ത് മണിയോടെയാണ് പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐ ഇ ഡി ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവള അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ബോംബ് സ്‌ക്വാഡെത്തി നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ വയറുകള്‍ ഘടിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയത്. ഭീകരവാദ സംഘടനകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതാണ് കണ്ടെത്തിയ ഐ ഇ ഡി ബോംബുകള്‍. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കാനുള്ള പ്രഹര ശേഷിയുളളതാണിവ.
കസ്റ്റഡിയിലെടുത്ത ബോംബ് നിര്‍വീര്യമാക്കുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥര്‍ കൂളിംങ് പിറ്റിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മീഷ്ണര്‍ പിഎസ് ഹര്‍ഷയടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. ബോംബ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മംഗലാപുരം നഗരത്തില്‍ റെയില്‍വെ സ്‌റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം പരിശോധന ശക്തമാക്കി.