കാസര്‍കോട്: കൊവിഡ് പരിശോധനക്കായി സ്രവമെടുക്കാനെത്തിയ ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. കുമ്പള പെർവാഡ് കടപ്പുറം കോളനിയിലെ പരിശോധനയാണ് ഒരു സംഘം ആളുകൾ തടഞ്ഞത്. പരിശോധനാ സംഘത്തിലെ ഡോ. സിദ്ധാർഥ് രവീന്ദ്രന്‍റെ പരാതിയിലാണ് മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കുമ്പള പൊലീസ് കേസെടുത്തത്. ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് സംഘം ചേർന്നതിനും പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവുമാണ് കേസ്.
കൊവിഡ് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ റാൻഡം ടെസ്റ്റ് നടത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സാമ്പിൾ ശേഖരണം. കോളനിയിലെത്തി സ്രവമെടുക്കുന്നത് പ്രദേശത്ത് കൊവിഡ് പടരുന്നതിന്നിടയാക്കുമെന്നായിരുന്നു സംഘടിച്ചെത്തിയവരുടെ ആരോപണം. കൊവിഡ് റിപ്പോർട്ട് ചെയ്ത ജില്ലയിലെ മുഴുവൻ സ്ഥലങ്ങളിലും ഇത്തരത്തിൽ സ്രവങ്ങൾ പരിശോധനക്കായി ശേഖരിക്കുന്നുണ്ട്. റാൻഡം ടെസ്റ്റിന്‍റെ ഭാഗമായി വ്യത്യസ്ത പ്രായങ്ങളിലെ 15 പേരുടെ സ്രവങ്ങളാണ് പരിശോധനക്കയക്കുന്നത്.