കാസര്‍കോട്: വീടുകളിൽ ഉപയോഗശൂന്യമെന്ന് കണ്ട് ഉപേക്ഷിക്കുന്ന വസ്തുക്കളെ ക്യാൻവാസുകളാക്കി ചിത്രകാരി. പരപ്പ വരഞ്ഞൂറിലെ സ്നേഹ രാമകൃഷ്ണനാണ് കല്ലുകൾ, ചിരട്ടകൾ, ഉപയോഗിച്ചു കളഞ്ഞ സി.ഡികൾ, മൺപാത്ര കഷണങ്ങൾ തുടങ്ങിയവയലിലെല്ലാം മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചു ചേർക്കുന്നത്.
വീട്ടുപരിസരങ്ങളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ എന്താണെങ്കിലും സ്നേഹയുടെ കൈയ്യിൽ ലഭിച്ചാൽ അത് നിറപ്പകിട്ടാർന്ന ചിത്രങ്ങൾക്ക് പ്രതലമാകും. ലോക്ക് ഡൗൺ നാളുകളിൽ ക്യാൻവാസുകൾ കിട്ടാതെ വന്നതോടെയാണ് സ്നേഹ പാഴ്വസ്തുക്കളിൽ ചിത്രം വരക്കാന്‍ തുടങ്ങിയത്. ഇങ്ങനെയാണ് വീട്ടുമുറ്റത്ത് പൊഴിഞ്ഞു വീണ ഇലകളടക്കം ചിത്രങ്ങൾക്ക് പ്രതലമായത്. വർണക്കൂട്ടുകളോടുള്ള അടങ്ങാത്ത ഭ്രമമാണ് സ്നേഹയുടെ കലാസൃഷ്ടികൾ ഓരോന്നും.
ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും മിഴിവുറ്റ ചിത്രങ്ങളാണ് സ്നേഹയുടെ കൈകളിലൂടെ പിറവിയെടുക്കുന്നത്. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ബിരുദ പഠന കാലത്താണ് സ്നേഹ ചിത്രകലയെ ഗൗരവമായി സമീപിക്കുന്നത്. സർവകലാശാലയിലെ ഫയർ ഫ്ലൈസ് എന്ന കൂട്ടായ്മ പ്രളയ ദുരിതാശ്വാസ ധനശേഖരണത്തിനായി നടത്തിയ പ്രദർശനത്തിന് വേണ്ടി വരച്ചു തുടങ്ങിയ സ്നേഹ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നൂറ് കണക്കിന് ചിത്രങ്ങളാണ് വർണങ്ങളിൽ ചാലിച്ചെടുത്തത്. ഇതിനിടെ പുതു തലമുറയിലെ ബോട്ടിൽ ആർട്ടുകളും ചെയ്തു തുടങ്ങി. കുപ്പി വരകളിൽ സമകാലിക വിഷയങ്ങളും പ്രമേയമായി. പെയിന്‍റിങ്ങിനൊപ്പം എംബ്രോയ്‌ഡറിയും ചേർത്തുള്ള പരീക്ഷണത്തിനും ഈ യുവ ചിത്രകാരി മുന്നോട്ട് വന്നു.
സംവിധായകൻ ലാൽ ജോസ്, നടി പാർവതി, കുഞ്ചാക്കോ ബോബന്‍റെ കുടുംബചിത്രം തുടങ്ങിയവക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരിയായ സ്നേഹ സമൂഹ മാധ്യമത്തിലെ 100 ദിന ചലഞ്ചിലും പങ്കാളിയായി.