കാസർകോട്: കസബയിലെ മത്സ്യബന്ധന തുറമുഖത്തോട് മുഖം തിരിച്ച് അധികൃതര്‍. പുലിമുട്ടുകള്‍ തമ്മിലുള്ള അകലം കൂട്ടാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിക്കാനാകാതെ പാതിവഴിയിലാണ്. കാസര്‍കോടിന് ശേഷം നിര്‍മാണമാരംഭിച്ച ചെറുവത്തൂര്‍ ഹാര്‍ബര്‍ തുറന്ന് കൊടുത്ത് നാല് വര്‍ഷം പിന്നിടുമ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളോട് അധികൃതര്‍ കണ്ണടക്കുന്നത്. ജില്ലയിലെ ആദ്യ മത്സ്യബന്ധന തുറമുഖമെന്ന നിലയില്‍ 2010 ജനുവരിയിലാണ് കസബയില്‍ ഹാര്‍ബറിന് തറക്കല്ലിട്ടത്. ബോട്ട് ജെട്ടിയും പാര്‍ക്കുകളും അടക്കം വന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഹാര്‍ബറിൻ്റെ ഗുണം ഇതുവരെയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല.
പുലിമുട്ടുകള്‍ തമ്മിലുള്ള വീതി കൂട്ടാത്തതാണ് നിലവിലെ പ്രധാന പ്രശ്‌നം. വീതി കുറവായ പുലിമുട്ടില്‍ തട്ടി നിരവധി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോഴും ഇക്കാര്യം സംബന്ധിച്ച് പഠനം നടക്കുകയാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇനിയും കാലതാമസമുണ്ടായാല്‍ സമരത്തിലേക്ക് നീങ്ങാനാണ് മത്സ്യത്തൊഴിലാളി കര്‍മ്മ സമിതിയുടെ തീരുമാനം. 29 കോടി രൂപ ഇതിനകം കാസര്‍കോട് ഹാര്‍ബറിന് വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ ഹാര്‍ബര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ മഞ്ചേശ്വരം ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. കാസര്‍കോട്ടെ ഹാര്‍ബര്‍ തുറന്നു കൊടുക്കാതെ വന്നതോടെ ഇതിന് അനുബന്ധമായുണ്ടാക്കിയ നിര്‍മിതികള്‍ എല്ലാം കാടുകയറി നശിക്കുന്ന സ്ഥിതിയിലാണ്.