കാസർകോട് : കാഞ്ഞങ്ങാട് ഇഖ്ബാൽ സ്‌കൂൾ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ലഹരി സംഘം. സ്‌കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്‌ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെ ലഹരി സംഘം ആക്രമിച്ചതായും പരാതിയുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
സ്‌കൂൾ പരിസരത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്‌തതിന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ സംഘം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പാലായി സ്വദേശിയായ യുവാവിനെ ഹൊസ്‌ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗം തടഞ്ഞതിന് ക്രൂരമായി ആക്രമിച്ചതായും തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ആക്രമണത്തിനിരയായ യുവാക്കൾ പറഞ്ഞു.
വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. നാട്ടിലെ ലഹരി സംഘങ്ങൾക്കെതിരെ പ്രതികരിച്ചതാണ് പ്രതികാരത്തിന് കാരണമെന്നും ഇവർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ ലഹരി സംഘത്തിന്‍റെ വിളയാട്ടം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.