കാസർകോട് : ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് ലഹരിമരുന്ന് നല്‍കിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹന്‍ (32) ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് ഇയാളെന്ന് ഹോസ്‌ദുര്‍ഗ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിക്ക് ലഹരിമരുന്ന് നല്‍കിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കാപ്പ നിയമപ്രകാരം പിടികൂടിയ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അതേസമയം, മയക്കുമരുന്ന് ഉപയോഗവും കടത്തും വര്‍ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതാണ്. മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
പ്രധാനമായും യുവാക്കളെയും, വിദ്യാര്‍ഥികളെയുമാണ് ലഹരി മരുന്ന് വില്‍പ്പനയ്‌ക്കും വിതരണത്തിനും മാഫിയകള്‍ ഉപയോഗിക്കുന്നത്. തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചും മയക്കുമരുന്ന് സംഘങ്ങള്‍ വ്യാപകമാകുന്നുണ്ട്. എന്നാല്‍ പരിശോധനകള്‍ കൃത്യമായി നടക്കുന്നുണ്ടെന്നാണ് പൊലീസ് വാദം.