കാസർകോട്: മത്സ്യവിൽപന നടത്തുന്ന സ്ത്രീകൾക്കൊപ്പം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്മാർക്കും കൊവിഡ് ആന്‍റിജൻ പരിശോധന നിർബന്ധമാക്കുന്നു. കീഴൂർ, നെല്ലിക്കുന്ന് മേഖലയിലെ തീരദേശത്തെ ക്ഷേത്ര സ്ഥാനികർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ജില്ലാ കലക്‌ടർ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബാങ്ക്, ആശുപത്രി, അവശ്യ സാധനങ്ങൾ തുടങ്ങിയവയ്ക്കായി പ്രദേശം വിട്ട് പുറത്ത് പോകാൻ സാധിക്കാത്തതുമായി ബന്ധപ്പെട്ടുയർന്ന പ്രശ്‌നങ്ങളെ തുടർന്നാണ് ചർച്ച നടന്നത്.
തീരദേശങ്ങളിലെ നിരവധി ആളുകൾക്ക് സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിൽ ഈ മേഖലയിലേക്കുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് ഉയർത്തി അടച്ചിരുന്നു. തുടർന്ന് പരിശോധനയും കർശനമാക്കി. നിയന്ത്രണം ഏർപ്പെടുത്തി രണ്ടാഴ്‌ച ആകുമ്പോഴേക്കും തീരദേശ മേഖലയിലെ ജനങ്ങൾ സംഘടിതരായി പൊലീസിന് നേർക്ക് തിരിഞ്ഞിരുന്നു. പ്രതിഷേധങ്ങൾക്ക് തടയിടാൻ സാധിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിന് മത്സ്യത്തൊഴിലാളി മേഖലയിലെ ജനങ്ങളുടെ പൂർണ സഹകരണം ഉറപ്പു വരുത്താനാണ് ക്ഷേത്രം ഭാരവാഹികളുമായി ജില്ലാ ഭരണകൂടം ചർച്ച നടത്തിയത്.
കീഴൂർ, നെല്ലിക്കുന്ന് ക്ലസ്റ്ററുകളിൽ അവശ്യസാധനങ്ങൾ, മരുന്ന് എന്നീ ആവശ്യങ്ങൾ നിർവഹിക്കാൻ 25നും 45നും ഇടയിൽ പ്രായമുള്ള 30 യുവാക്കളെ പൊലീസ് വോളണ്ടിയർമാരായി നിയമിക്കും. ആന്‍റിജൻ പരിശോധനയിൽ നെഗറ്റീവാകുന്നവരെയാണ് പ്രത്യേക ബാഡ്‌ജ് നൽകി നിയമിക്കുക. ക്ലസ്റ്ററിൽ നിന്ന് തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ല. ആന്‍റിജൻ പരിശോധന നടത്തിയവർക്ക് ഏത് കരയിലും അടുക്കാൻ സൗകര്യം ഒരുക്കും. പരിശോധന നടത്താത്തവർ മീൻ പിടിക്കാൻ പോയ കരയിൽ തന്നെ തിരിച്ചെത്തണം. ക്ലസ്റ്ററുകളിലുള്ളവർക്ക് കാസർകോടോ കാഞ്ഞങ്ങാടോ തൊഴിൽ ആവശ്യത്തിന് പോകുന്നതിന് തടസമില്ല. എന്നാൽ അവർ തൊഴിൽ ചെയ്യാൻ പോകുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നും തീരുമാനിച്ചു. തീരപ്രദേശങ്ങളിൽ കൊവിഡ് നിർവ്യാപനത്തിനാവശ്യമായ പൂർണ പിന്തുണ മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ട്.