കാസർകോട് : അഹമ്മദ് മുഹമ്മദ് നടന്നു നീങ്ങുന്ന വഴികളിളെല്ലാം അത്തറിന്‍റെ സുഗന്ധമാണ്. കഴിഞ്ഞ 19 വർഷമായി കാസർകോട് മുതൽ പാലക്കാട് വരെ വിവിധതരം അത്തറുകളുടെ സുഗന്ധം പരത്തുകയാണ് 46കാരനായ അഹമ്മദ് മുഹമ്മദ് എന്ന ആശ്വാസം വൈദ്യർ.
പുണ്യമാസമായ റമദാനിൽ അഹമ്മദിന്‍റെ അത്തറിന് ആവശ്യക്കാർ ഏറെയാണ്. വീടുകളിലും കടകളിലും കയറി ഇറങ്ങിയാണ് അത്തർ വിൽപന. മല്ലിക, റോസ്, ചെമ്പകം, ചന്ദനം, രാമച്ചം, ബ്ലൂ ലേഡി, ഫാരനെറ്റ്, ജീവൻജി തുടങ്ങി വിവിധതരം അത്തറുകൾ അഹമ്മദ് വിൽപന നടത്തുന്നുണ്ട്.
കാസർകോട് മേൽപറമ്പ് സ്വദേശിയായ അഹമ്മദ് തമിഴ്‌നാട്, ബോംബെ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് അത്തർ ശേഖരിക്കുന്നത്. യുവാക്കൾ അടക്കം അഹമ്മദിന്‍റെ അത്തർ തേടി എത്താറുണ്ട്. റമദാൻ മാസം ഭൂമിക്കും ജനങ്ങൾക്കും സന്തോഷം നൽകുന്ന പുണ്യങ്ങളുടെ പൂക്കാലമാണെന്നും പെരുന്നാൾ ദിവസം സുഗന്ധം പരത്തുന്നത് സൽകർമമാണെന്നും അഹമ്മദ് വിശ്വസിക്കുന്നു.
ആശ്വാസം വൈദ്യരായത് ഇങ്ങനെ: സുഗന്ധം നിലനിൽക്കാനായി പുകയ്ക്കുന്ന ബുക്കൂറുകളും അഹമ്മദിന്‍റെ കൈവശമുണ്ട്. കൂടാതെ നാട്ടുവൈദ്യ സസ്യങ്ങളുടെ വിൽപനയും, സ്‌കൂൾ-കോളജ് കുട്ടികൾക്ക് ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ബോധവത്കരണവും അഹമ്മദ് നടത്താറുണ്ട്. നൂറു ചെടികൾ വീതമുള്ള ഔഷധതോട്ടങ്ങളും വിദ്യാലയങ്ങളിലേക്ക് സൗജന്യമായി ഒരുക്കി കൊടുക്കുന്നതോടൊപ്പം രക്തദാനം ഉൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലും അഹമ്മദ് സജീവമാണ്. അതുകൊണ്ട് തന്നെ അടുപ്പമുള്ളവർ അഹമ്മദിനെ ആശ്വാസം വൈദ്യർ എന്നും വിളിക്കും.