കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ അഡ്വ സി ഷുക്കൂർ സാക്ഷ്യപ്പെടുത്തിയ വ്യാജ സത്യവാങ്മൂലം പുറത്ത് . 2013ൽ കമ്പനി രജിസ്ട്രാർക്ക് മുന്നിൽ സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്. കേസിലെ 11ാം പ്രതിയെ കമ്പനി ഡയറക്‌ടറായി ഉൾപ്പെടുത്താൻ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ സി. ഷുക്കൂർ ഉൾപ്പടെ നാല് പേർക്കെതിരെ കഴിഞ്ഞ ദിവസം മേല്‍പറമ്പ് പൊലീസ് കേസെടുത്തിരുന്നു.
നിക്ഷേപ തട്ടിപ്പിലെ പതിനൊന്നാം പ്രതിയായ എസ്.കെ മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്‌ടറാക്കാൻ 2013 ഓഗസ്റ്റിൽ തയ്യാറാക്കിയ സത്യവാങ്മൂലമാണ് പുറത്ത് വന്നത്. നോട്ടറി അഭിഭാഷകൻ എന്ന നിലയിൽ സി.ഷുക്കൂർ രേഖ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതേ കാലയളവിൽ താൻ വിദേശത്തായിരുന്നുവെന്ന് തെളിയിക്കുന്ന പാസ്പോർട്ട് വിവരങ്ങൾ മുഹമ്മദ് കുഞ്ഞി കോടതിയിൽ പരാതിക്കൊപ്പം നൽകിയിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച പാസ്പോർട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും പരിശോധിച്ചതിന് ശേഷമാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഇതോടെയാണ് പ്രതികൾ വെട്ടിലായത്. ഡയറക്‌ടറായി ചേർത്തത് കൊണ്ട് മാത്രമാണ് കേസിൽ പ്രതിയായതെന്നാണ് പരാതിക്കാരന്‍റെ വാദം. സ്ഥാപനത്തിന്‍റെ ഡയറക്‌ടറാക്കിയത് തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും തന്‍റെ പേരിലുള്ള ഒപ്പ് വ്യാജമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹർജിയിൽ മുഹമ്മദ് പറയുന്നു.
കേസിൽ അഡ്വ.സി ഷുക്കൂറിന് പുറമെ കമ്പനി മാനേജിങ് ഡയറക്‌ടര്‍ പൂക്കോയ തങ്ങൾ, മകൻ ഹിഷാം, കമ്പനി സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികൾ. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസിൽ മേൽപ്പറമ്പ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
ഷുക്കൂര്‍ വക്കീലിന്‍റെ വാദം: വിഷയവുമായി ബന്ധപ്പെട്ട് താന്‍ ഒരു വ്യാജ രേഖയും ചമച്ചിട്ടില്ലെന്നാണ് അഡ്വ.സി.ഷുക്കൂർ പറയുന്നത്. രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് അന്വേഷണം നടത്തട്ടയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തില്‍ യാതെരു വിധ വ്യാജ രേഖകളും ചമക്കാന്‍ കൂട്ടുനില്‍ക്കുന്ന ആളല്ല താനെന്നും നോട്ടറി എന്ന നിലയ്ക്ക് പലരും വരാറുണ്ടെന്നും ആ കൂട്ടത്തില്‍ മുഹമ്മദ് കുഞ്ഞിയും വന്നിട്ടുണ്ടാകാമെന്നും ഷുക്കൂര്‍ പറഞ്ഞു. നിയമത്തിന്‍റെ വഴിയിലൂടെ ഞാനും നടക്കുമെന്നും സത്യം പുറത്ത് വരുമെന്നും ഷുക്കൂർ പ്രതികരിച്ചിരുന്നു.
2013ൽ നോട്ടറി പബ്ലിക് എന്ന നിലയിൽ ഒരു സത്യവാങ് മൂലം സാക്ഷ്യപ്പെടുത്തി കൊടുത്തുവെന്നാണ് സി. ഷൂക്കൂറിനെതിരെയുള്ള ആരോപണം. ആരുടെയും അസാന്നിധ്യത്തിൽ ഒരു ഡോക്യുമെന്‍റും താന്‍ സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ല. അത്തരത്തിലുള്ള രീതി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല. ഈ പരാതി ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി പട്ടികയിലുള്ള ഒരാളുടേതാണ്. അയാൾ മുഖ്യ പ്രതിയെ ഒഴിവാക്കിയാണ് പരാതി നൽകിയതെന്നും ഷുക്കൂർ നേരത്തെ പറഞ്ഞിരുന്നു.
നോട്ടറിയായിരിക്കുമ്പോള്‍ താന്‍ വഴി വിട്ടൊന്നും ചെയ്‌തിട്ടില്ലെന്നും മുഴുവന്‍ കാര്യങ്ങളും അന്വേഷണത്തില്‍ തെളിയുമെന്നും സി. ഷുക്കൂര്‍ പറഞ്ഞു.