കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിൽ യൂത്ത് ലീഗ് അംഗങ്ങളായ ആരും പ്രതികളെല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. അന്വേഷണം നേരിടുന്ന കെ.ടി. സുഹൈലിനെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും വൈറ്റ് ഗാർഡ് ക്യാപ്റ്റനാണ് സുഹൈൽ എന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് വ്യക്തമാക്കി.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും ഒരു സംരക്ഷണവും പാർട്ടി ഇത്തരക്കാർക്ക് കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐയും സിപിഎമ്മുമാണ് ഇത്തരക്കാർക്ക് സംരക്ഷണം നൽകുന്നതെന്നും ഒരു ഭാഗത്ത് ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുമ്പോഴും മറുഭാഗത്ത് ഇത്തരം ക്വട്ടേഷൻ സംഘങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്‌ത് കൊടുക്കുന്നത് സിപിഎമ്മാണെന്നും ഫിറോസ് ആരോപിച്ചു.
Also Read: ഊമക്കത്തിലൂടെ വധഭീഷണി : തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു
ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരാളുടെ ശബ്‌ദരേഖ പുറത്ത് വന്നപ്പോൾ പാർട്ടിയിലുള്ളവർക്കും കള്ളക്കടത്തിൽ ബന്ധം ഉണ്ടെന്ന് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടിയുള്ള കൊലപാതകങ്ങൾ നടത്തുകയും ബാക്കി സമയങ്ങളിൽ ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ് ഇവരുടെ നിലവിലെ രീതിയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
കള്ളക്കടത്ത് വിഷയത്തിൽ ഡിവൈഎഫ്ഐയെയും യൂത്ത് ലീഗിനെയും ഒരു പോലെ കാണരുതെന്നും ഡിവൈഎഫ്ഐയുടെ പ്രചാരണം ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്നും പി.കെ. ഫിറോസ് വ്യക്തമാക്കി.