കണ്ണൂര്‍ : എഐ ക്യാമറകൾ സ്ഥാപിച്ചാൽ നിയമലംഘനങ്ങൾ കുറയുമെന്ന് പറഞ്ഞവരുടെ ധാരണകള്‍ കീഴ്‌മേൽ മറിയുകയാണ്. നിയമലംഘനം നടത്തുന്നവർ പിടിക്കപ്പെടുന്നുണ്ടെങ്കിലും നടത്താതിരിക്കാനുള്ള പ്രവണത കുറഞ്ഞതായി കാണുന്നില്ല. റോഡില്‍ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ കണ്ടിട്ടും നിയമം ലംഘിച്ച് യാത്ര ചെയ്യുന്നവരുമുണ്ട്.
കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 25കാരന്‍ 150ലേറെ തവണയാണ് നിയമം ലംഘിച്ച് ക്യാമറ കണ്ണിലൂടെ കടന്നുപോയത് (Youth Caught In AI Camera). നോട്ടിസ് അയച്ചിട്ട് പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറയ്ക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ആർടിഒ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഒടുവിൽ പിഴയായി അടക്കേണ്ടി വന്നത് 86,500 രൂപയാണ് (Youth Got Huge Fine). മൂന്ന് മാസത്തിനിടെ 150 ലേറെ തവണയാണ് കണ്ണൂർ പഴയങ്ങാടിയിലെ ക്യാമറയിൽ യുവാവിന് പിടിവീണത്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടിസ് മൊബൈലില്‍ ലഭിച്ചിട്ടും യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്‌തു.
പിഴയടക്കാത്തതിനെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് യുവാവിനെതിരെ നടപടിയെടുത്തത്. നിയമലംഘനം തുടര്‍ന്നതിന് യുവാവിന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്‌തതിനും പുറകിലിരിക്കുന്ന യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്.