കണ്ണൂർ : ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്‌ത യുവതികളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി എന്‍ഐഎ ട്രാൻസിറ്റ് വാറണ്ട് നേടി.
ഇരുവരേയും ബുധനാഴ്ച ഡൽഹി എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകും. കണ്ണൂർ തായെത്തെരുവിലെ ഷിഫ ഹാരിസ്, താണയിലെ മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റുചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ എഫ്ഐആർ തയ്യാറാക്കിയത്. രണ്ട് യുവതികൾ അടക്കം മൂന്ന് കണ്ണൂരുകാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയായിരുന്നു എഫ്ഐആർ.
ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെത്തി എൻഐഎ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാർച്ച് 15ന് അറസ്റ്റിലായ താണയിലെ മുഷാബ് അനുവറാണ് മറ്റൊരു കണ്ണൂരുകാരൻ.
ഐഎസിലേക്ക് ആളെ ചേര്‍ക്കുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക, ഇതിനായി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുക, ഇന്ത്യയിൽ ഐഎസിന്‍റെ സംഘം ഉണ്ടാക്കി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചുമാസം നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് അറസ്റ്റ്.
ഇരുവരും ആശയപ്രചാരണം നടത്തിയെന്ന് തെളിഞ്ഞു
ഇൻസ്റ്റഗ്രാമിൽ ക്രോണിക്കിള്‍ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പ് ഉണ്ടാക്കി ഇരുവരും ആശയപ്രചാരണം നടത്തിയെന്ന് തെളിഞ്ഞിട്ടുണ്ട്. മലപ്പുറം കടന്നമണ്ണയിലെ മുഹമ്മദ് അമീനാണ് ഇവരുടെ തലവൻ.
ഓഗസ്റ്റ് നാലിന് മംഗലാപുരത്ത് നിന്നും പിടിയിലായ അമീർ അബ്ദള്‍ റഹ്മാനെ കൂടി ചോദ്യം ചെയ്തപ്പോഴാണ് ഷിഫയുടേയും മിസ് ഹയുടെയും പങ്ക് വ്യക്തമായതെന്ന് എന്‍ഐഎ പറയുന്നു.
More read: ഐഎസ് ബന്ധം: രണ്ട് യുവതികൾ കണ്ണൂരിൽ അറസ്റ്റിൽ