കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച പി.കെ കുഞ്ഞനന്തന്‍റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റാസാക്കിയ പൊലീസുകാർക്കെതിരെ വിമർശനവുമായി കോൺഗ്രസ്. കണ്ണൂരിലെ നാല് പൊലീസുകാരാണ് കഴിഞ്ഞ ദിവസം അന്തരിച്ച കുഞ്ഞനന്തന്‍റെ ചിത്രം വാട്സാപ്പ് സ്റ്റാറ്റസാക്കിയത്. സിപിഒമാരായ രനീഷ്, അഖിൽ മേലേക്കണ്ടി, റമീസ്, രജീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസിന്‍റെ പരാതി. സർവീസ് ചട്ടം ലംഘിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം. സംഭവം പരിശോധിക്കുമെന്ന് കണ്ണൂർ എസ്‍പി യതീഷ് ചന്ദ്ര അറിയിച്ചു.
പൊലീസുകാർ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പരിശോധന നടത്തുമെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര അറിയിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണ് വിഷയത്തിൽ പരാതിയുമായി എത്തിയത്. രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതോ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതോ പൊലീസിന്‍റെ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ചട്ടം.