കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ജന ജാഗ്രത ജാഥയിൽ പങ്കെടുപ്പിക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്ത് മെമ്പറുടെ ഭീഷണി. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി സുചിത്രയാണ് ഓഡിയോ സന്ദേശം അയച്ചത്. ജാഥ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ എത്തുന്നതിനു മുൻപായിരുന്നു പഞ്ചായത്ത് മെമ്പർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്.
ചൊവ്വാഴ്‌ച (21-2-2023) രാവിലെ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സി സുചിത്ര സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ ജാഥയ്ക്ക് പങ്കെടുക്കാൻ തൊഴിലാളികളോട് ശബ്‌ദ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ആരും ഒഴിഞ്ഞു മാറരുതെന്നും വാട്‌സ്‌ആപ്പ് ഓഡിയോ സന്ദേശത്തിൽ വാർഡ് മെമ്പർ വ്യക്തമാക്കുന്നുണ്ട്. ജാഥക്ക് പോകാത്തവർക്ക് ജോലി നൽകണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് പഞ്ചായത്ത് മെമ്പറുടെ ഭീഷണി സന്ദേശം എത്തിയത്. വരാൻ അസൗകര്യമുള്ളവർ തന്നെ നേരിട്ട് വിളിക്കണം. അവർക്കുള്ള മറുപടി നേരിട്ട് നൽകുമെന്നും പഞ്ചായത്ത് അംഗം പറയുന്നു. മറ്റ് വാർഡുകളിൽ നിന്ന് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ലീവെടുത്താണ് പരിപാടിക്ക് പോകുന്നതെന്നും ഭീഷണി സന്ദേശത്തിൽ ഉണ്ട്.