തൃശൂർ/കണ്ണൂർ: മാധ്യമപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ജയിൽ മാറ്റുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. പ്രതി മാണിക്കിനെയാണ് ചെറുതുരുത്തിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് ട്രെയിനിൽ നിന്ന് ചാടിയ ഇയാൾ രാവിലെ പാലത്തിലൂടെ നടന്നുപോകുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം നൽകിയത്. തുടർന്ന് ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂർ പൊലീസും കണ്ണൂരിൽ നിന്നെത്തിയ പ്രത്യേക സ്ക്വാഡും പ്രതിയെ പിടികൂടിയത്.
കൊലക്കേസ് അടക്കം നിരവധി കേസുകളിലെ പ്രതികൂടിയാണ് മാണിക്ക്. മാതൃഭൂമി പത്രത്തിലെ വിനോദ് ചന്ദ്രനെയും കുടുംബത്തേയും ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ കർണ്ണാടക ഹുംബ്ലിയിൽ വെച്ചാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്. മൂന്ന് പൊലീസുകാരുടെ സംരക്ഷണത്തിൽ കണ്ണൂരിൽ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് ചെറുതുരുത്തിയിൽ മാണിക്ക് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.