കണ്ണൂർ: സ്‌കൂൾ മാനേജ്മെൻ്റിൽ നിന്നും കെ.എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് തുടർ നടപടികൾ ആരംഭിച്ചു. കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരനായ കെ.പത്മനാഭൻ, പാർട്ടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട നൗഷാദ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ ഇരുവരും അനുബന്ധ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി ഓഫീസിലാണ് മൊഴിയെടുത്തത്. കെ.എം ഷാജി സ്‌കൂൾ മാനേജ്മെൻ്റിൽ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് എഫ്ഐആറിൽ പറയുന്നു.
സ്‌കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഷാജി കോഴവാങ്ങിയതിന് തെളിവുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 2014ൽ കെ.എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയാണ് കേസിന് ആധാരം.
എംഎൽഎക്കെതിരെ സാക്ഷിമൊഴികളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും തലശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. വിജിലൻസ് കണ്ണൂർ ഡിവൈഎസ്‌പി വി മധുസൂദനൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.