കണ്ണൂര്‍: ഇ ബുൾജെറ്റ് വ്ളോഗർമാരുടെ നെപ്പോളിയൻ എന്ന കാരവന്‍റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1എ) പ്രകാരമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു, റോഡ് ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നി കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇ ബുൾജെറ്റ് വ്‌ളോഗർ സഹോദരൻമാർക്കും നെപ്പോളിയൻ എന്ന കാരവനെതിരെയും കൂടുതൽ നടപടി ഉണ്ടാകുമെന്ന് എം.വി.ഡി നേരത്തെ സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. അതേസമയം, കസ്റ്റഡിയിലായ ഇ ബുൾജെറ്റ് സഹോദരങ്ങളുടെ യൂ ട്യൂബ് ചാനലും മരവിപ്പിച്ചു.
ടീം ഇ ബുള്‍ജെറ്റ് പിടിയിലായത് തിങ്കളാഴ്‌ച
വീഡിയോ ചെയ്യുന്നതിലെ നിയമ ലംഘനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്. ഇ ബുൾ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റുചെയ്യുമ്പോൾ പൊലീസ് മർദിച്ചിട്ടില്ലെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. യൂ ട്യൂബ് വ്ളോഗര്‍മാരായ സഹോദരങ്ങളെ കണ്ണൂർ ടൗൺ പൊലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്‌തത്.
ആർ.ടി.ഒയുടെ പരാതിയിലാണ് നടപടി. ഇരിട്ടി കിളിയന്തറ സ്വദേശികൾ എബിൻ, ലിബിൻ എന്നിവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. വാഹന നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങളാണ് വ്‌ളോഗര്‍മാര്‍ക്കെതിരെ ചുമത്തിയത്.
ALSO READ: ഇ ബുൾ ജെറ്റ് യൂ ട്യൂബ് ചാനൽ മരവിപ്പിച്ചു ; നിയമവിരുദ്ധമായത് ആഹ്വാനം ചെയ്‌താല്‍ നടപടിയെന്ന് കമ്മിഷണർ