കണ്ണൂർ: വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫിന്‍റെ മേയറെ കണ്ടെത്തുന്നതിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. രണ്ട് ദിവസത്തിനകം മേയറെ തീരുമാനിക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കിയെങ്കിലും അതത്ര എളുപ്പമാകില്ല. മേയർ സ്ഥാനത്തേക്ക് മത്സരിച്ച മൂന്നുപേരിൽ ആരെ മേയറാക്കുമെന്ന തർക്കമാണ് യുഡിഎഫിനെ വലയ്ക്കുന്നത്. 55 ൽ 34 സീറ്റുകളാണ് കോർപ്പറേഷനിൽ യുഡിഎഫ് കരസ്ഥമാക്കിയത്. കോൺഗ്രസ് 20, മുസ്ലീം ലീഗ് 14 എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റിൽ വിജയിച്ച കോൺഗ്രസ് വിമതനും യുഡിഎഫിനൊപ്പം നിൽക്കും. കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജിനാണ് മേയർ പദവിയിൽ മുൻതൂക്കം. കെപിസിസി അംഗം ടിഒ മോഹനനും പികെ രാഗേഷും മേയർ കസേര നോട്ടമിടുന്നുണ്ട്.
ജനപ്രതിനിധിയെന്ന നിലയിൽ കഴിഞ്ഞ തവണ മികവ് തെളിയിച്ച ടിഒ മോഹനനെ മേയറായി പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ച് കഴിഞ്ഞു. മാർട്ടിന് മുമ്പ് കെഎസ്‌യു നേതാവായും കോൺഗ്രസ് സംഘടനാ നേതൃത്വത്തിലേക്കും മോഹനൻ വന്നുവെന്നതാണ് ഈ വിഭാഗം ഉയർത്തിക്കാട്ടുന്ന ഘടകം. എന്നാൽ കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായ പികെ രാഗേഷാണ് മേയർ സ്ഥാനത്തേക്ക് എന്തുകൊണ്ടും യോഗ്യൻ എന്ന് അദ്ദേഹത്തോടൊപ്പം ഉള്ളവരും വാദിക്കുന്നു. ഇതിന് തടയിടാനുള്ള നീക്കങ്ങളുമായി മറുവിഭാഗവും രംഗത്തുണ്ട്.
കാനത്തൂരിൽ കെ സുധാകരന്‍റെ നോമിനിയായ ഷിബു ഫെർണാണ്ടസിന്‍റെ തോൽവിയും ജില്ലാ നേതൃത്വം സുധാകരനെതിരായ ആയുധമാക്കിയിട്ടുണ്ട്. മേയറെ നിർണയിക്കുന്നതിൽ സുധാകരന്‍റെ അടിച്ചേൽപ്പിക്കൽ അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ആശിർവാദത്തോടെ മത്സരിച്ച സുരേഷ് ബാബു എളയാവൂരിനും മേയർ കസേരയിൽ കണ്ണുണ്ട്. സീറ്റ് നിഷേധിച്ചതിനെതുടർന്ന് കെസി വേണുഗോപാൽ നിർദേശിച്ചതനുസരിച്ചാണ് സുരേഷ് ബാബുവിന് മത്സരിക്കാൻ അവസരം ലഭിച്ചത്. കോൺഗ്രസും ലീഗും മേയർ സ്ഥാനം പങ്കിട്ടെടുക്കുന്നതാണ് കണ്ണൂരിലെ പതിവ്. കഴിഞ്ഞ തവണ 13 മാസം ഭരണം കിട്ടിയപ്പോൾ ഇരുപാർട്ടികളും പങ്കിട്ടെടുക്കുകയായിരുന്നു. ഇത്തവണയും അത് തുടരണമെന്നാണ് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.