കണ്ണൂർ: നേവല്‍ വിഭാഗത്തിലും മുങ്ങിക്കപ്പലിലും സിവിൽ സർവീസിലും പ്രവർത്തിച്ച ശേഷം ഇന്ന് 83-ാം വയസിൽ വിശ്രമ ജീവിതത്തിലാണ് കണ്ണൂർ എളയാവൂർ സ്വദേശി യു.കെ ബാലരാമൻ നമ്പ്യാർ. വെറുമൊരു വിമുക്തഭടൻ എന്നതിനപ്പുറം ആരെയും അമ്പരപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രകൃതി സ്നേഹമാണ്. യു.കെ.ബാലരാമൻ നമ്പ്യാരുടെ വീട്ടുമുറ്റത്ത് എത്തിയാൽ നമ്മെ സ്വീകരിക്കുക കുറേയേറെ പക്ഷികളും സസ്യങ്ങളും പ്രകൃതി ഭംഗിയുമാണ്.
ചെറുപ്രായത്തിൽ സസ്യങ്ങളോടും പ്രകൃതിയോടും തോന്നിയ ഇഷ്‌ടമാണ് ഈ വാർധക്യത്തിലും അദ്ദേഹത്തെ പച്ചപ്പിനോട് ചേർത്തു നിർത്തുന്നത്. കേരളത്തില്‍ സമഗ്രമായി ഓര്‍ക്കിഡ് കൃഷി ചെയ്യാന്‍ പ്രയത്‌നം നടത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. മാത്രമല്ല, ടെറേറിയം എന്ന കുപ്പിക്കകത്ത് വിസ്‌മയം ഒരുക്കുന്ന തിരക്കിലാണ് ഇന്ന് അദ്ദേഹം. ഗ്ലാസ് ജാർ, കുപ്പി എന്നിവയാണ് ടെറേറിയത്തിന്‍റെ അടിസ്ഥാനം.
അതിനുള്ളിലേക്ക് അതിസൂക്ഷ്‌മമായി നേരിയ വല മുതൽ മണ്ണിര കമ്പോസ്‌റ്റ് മിശ്രിതവും അടക്കമിട്ട് മാധ്യമം ഒരുക്കുന്നു. പിന്നീട് മനോഹരമായ കല്ലും മറ്റും ഒരുക്കി ചെടികൾ വച്ച് പിടിപ്പിക്കുന്നു. മോസും, പായലും, പൂപ്പലും ആണ് ടെറേറിയത്തിൽ ഏറ്റവും സൗന്ദര്യം നൽകുകയെന്ന് യു.കെ. ബി നമ്പ്യാർ പറയുന്നു.
രണ്ടോ മൂന്നോ മണിക്കൂർ കൊണ്ടാണ് ഓരോ ടെറോറിയം ബോട്ടിലും യു.കെ. ബി നമ്പ്യാർ നിർമിച്ചൊരുക്കുന്നത്. പ്രായമായതിന്‍റെ പ്രശ്‌നങ്ങൾ ചെറുതായി അലട്ടുന്നു എന്നതിനപ്പുറം ടെറേറിയം നിർമിക്കുമ്പോൾ അതി ശ്രദ്ധയാണ് ബാലരാമന്. ഇന്നും താൻ പ്രവർത്തിച്ച കടൽ സൗന്ദര്യത്തെ അതേപടി കുപ്പിയിലേക്ക് പതിപ്പിക്കുമ്പോൾ അതിന്‍റെ ആവേശവും നമ്പ്യാരുടെ മുഖത്ത് കാണാം.
1957 മുതൽ 72 വരെ ഇന്ത്യൻ നേവല്‍ വിഭാഗത്തിന്‍റെ ഭാഗമായ ബാലരാമൻ 68ല്‍ ഇന്ത്യയിലെത്തിയ ആദ്യ മുങ്ങിക്കപ്പലിനെ നിയന്ത്രിക്കുന്ന സംഘത്തിലും ഉണ്ടായിരുന്നു.