കണ്ണൂർ: തളിപ്പറമ്പ് പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തളിപ്പറമ്പ് സ്വദേശികളായ രാജേന്ദ്രൻ വി.വി, വസന്തരാജ് കെ.പി എന്നിവരെയാണ് എസ്ഐ പി.സി സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ആകെ 17 പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആരോപണ വിധേയനായ ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്‌തു
ബാങ്കിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ബാങ്ക് പരിശോധന പൂർത്തിയാക്കി പരാതി നൽകുമ്പോഴേക്കും സംഭവത്തിൽ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസർ രമേശൻ ആത്മഹത്യ ചെയ്‌തിരുന്നു. തുടർന്നാണ് ബാങ്ക് മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നാകുമാർ, സിഐ എ.വി ദിനേശൻ,എസ്ഐ പി.സി സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. ബാങ്കിലെ ഉദ്യോഗസ്ഥരെയും വ്യാജ സ്വർണപ്പണയം വച്ചവരെയുമടക്കം ചോദ്യം ചെയ്‌ത് വരികയായിരുന്നു.
Also Read: ശബരിമല കന്നിമാസ പൂജ: കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും
അതിനിടെയാണ് ചോദ്യം ചെയ്യലിൽ വ്യാജ സ്വർണം പണയം വെച്ചതിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. പിടിയിലായ വസന്തരാജ് കെ.പി തളിപ്പറമ്പിലെ ജ്വല്ലറി ഉടമയാണ്. സംഭവവുമായി ബന്ധപ്പെട്ട് 17 പ്രതികൾ ആകെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.